veena

തിരുവനന്തപുരം: മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമ്പോൾ സാധാരണയായി അവരുടെ ജീവിതപങ്കാളികളുടെയോ കുടുംബാംഗങ്ങളുടെയോ ദൃശ്യങ്ങളും പാർട്ടിക്കായി തയ്യാറാക്കിയ ദൃശ്യങ്ങളോ ആണ് സ്ഥലത്തെ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയത്തിൽ മ‌റ്റ് മന്ത്രിമാർ സത്യവാചകം ചൊല്ലുമ്പോഴും തെളിഞ്ഞത് അതാണ്. എന്നാൽ ആരോഗ്യമന്ത്രിയായി വീണാ ജോർജ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവിടെ തെളിഞ്ഞത് മന്ത്രിയുടെ ഭർത്താവിന്റെ ദൃശ്യം മാത്രമല്ല. ചടങ്ങ് കാണുകയായിരുന്ന മന്ത്രിയുടെ മുൻഗാമിയായ കെ.കെ ശൈലജയുടെ ദൃശ്യങ്ങളും സ്‌ക്രീനിൽ പ്രദർശിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ മുൻ മന്ത്രിമാരെ അഭിവാദ്യം ചെയ്‌താണ് വേദിയിലേക്ക് നടന്നത്. മുന്നിലിരുന്ന കെ.ടി ജലീലിനെ നോക്കി വണങ്ങിയ മുഖ്യമന്ത്രി എന്നാൽ തൊട്ടടുത്തിരുന്ന കെ.കെ ശൈലജയ്‌ക്ക് മുഖം കൊടുക്കാതെ നടന്നുനീങ്ങി. ശൈലജ വണങ്ങിയെങ്കിലും മുഖ്യമന്ത്രി അത് കണ്ടില്ല.

മുഖ്യമന്ത്രിയുടെ മകൾ വീണ ഭർത്താവും പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്‌തത് മൊബൈൽ ക്യാമറയിൽ പകർത്തി. അമ്മയുടെ കാൽതൊട്ട് വന്ദിച്ച ശേഷമാണ് മന്ത്രി പി. പ്രസാദ് സത്യപ്രതിജ്ഞ ചെയ്‌തത്. സ്വന്തം മണ്ഡലത്തിൽ നിന്നും സത്യപ്രതിജ്ഞ ചെയ്യാനുള‌ള ഭാഗ്യം ആന്റണി രാജുവിനും സ്വന്തം പിറന്നാൾ ദിനത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അവസരം മന്ത്രി അഹമ്മദ് ദേവർകോവിലിനും ലഭിച്ചു.

കർശന കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന ചടങ്ങിൽ എന്നാൽ പൂർണമായും പ്രോട്ടോകോൾ പാലിച്ച് മാസ്‌കും ഗ്ളൗസും ധരിച്ചെത്തിയത് സിപിഐ മന്ത്രിമാരായ ജെ.ചിഞ്ചുറാണിയും കെ.രാജനും മാത്രമാണ്. കുടുംബാംഗങ്ങളെയല്ലാം മന്ത്രിമാരാരും കൊണ്ടുവന്നില്ല. ജീവിതപങ്കാളിയെ മാത്രമാണ് ചടങ്ങിന് കൊണ്ടുവന്നത്. മന്ത്രി വി. അബ്‌ദുറഹ്‌മാൻ, കൃഷ്ണൻകുട്ടി എന്നിവരുടെ ജീവിത പങ്കാളികൾ വീട്ടിലിരുന്നാണ് ചടങ്ങ് കണ്ടത്.

പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അവരെല്ലാം വീട്ടിലിരുന്ന് വെർച്വലായാണ് സത്യപ്രതിജ്ഞ കണ്ടത്. എന്നാൽ എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളും പുതുതായി അധികാരമേറ്റ സർക്കാരിന് ആശംസകളേകുകയും ചെയ്‌തു.