മുംബയ് : മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിലെ എറ്റപ്പള്ളിയിലെ വനമേഖലയിൽ നക്സലുകളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പ്. ഏറ്റുമുട്ടലിൽ 13 നക്സലുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മുംബയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടന്ന ഗാഡ്ചിരോലിയിലെ വനമേഖല.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് മഹാരാഷ്ട്ര പൊലീസും നക്സലും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. എട്ടപ്പള്ളിയിലെ പെയ്ഡികോട്ട്മി വനത്തിൽ നക്സലുകൾ കൂടിക്കാഴ്ചയ്ക്കായി ഒത്തുകൂടുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സി 60 കമാൻഡോകൾ അടങ്ങുന്ന സംഘം തിരച്ചിലിനായി പുറപ്പെട്ടത്. വനത്തിൽ പൊലീസിനെ കണ്ടതോടെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സി 60 കമാൻഡോകൾ തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു
നക്സലുകളും സുരക്ഷാ സേനയും തമ്മിൽ ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുകയാണെന്ന് ഗാഡ്ചിരോലി ഗോണ്ടിയ റേഞ്ചിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) സന്ദീപ് പാട്ടീൽ സ്ഥിരീകരിച്ചു. ആക്രമണത്തിനിടെ ചിതറിയോടിയ നക്സലുകളെ തേടി പൊലീസ് വനത്തിൽ തിരച്ചിൽ നടത്തുകയാണ്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നക്സലുകളിൽ ചില മുതിർന്ന കേഡർമാരും ഉണ്ടെന്ന് സംശയിക്കുന്നു.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടിരുന്നു.