കോഴിക്കോട്: കോൺഗ്രസിന് സംഘടന തലത്തിൽ മൊത്തം അഴിച്ചുപണി വേണമെന്ന് കെ മുരളീധരൻ എം പി. തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാൻഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്‌ക്കുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.
തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വതെ അറിയിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭയിലെ ആരേയും മോശക്കാരായി കാണുന്നില്ല. കോൺഗ്രസിൽ തലമുറ മാറ്റം വേണം. താൻ മാറി തരാൻ തയ്യാറാണ്. തനിക്ക് തന്‍റെ കാര്യം മാത്രമേ പറയാനാകൂവെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ല. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. പ്രതിപക്ഷ നേതാവ് ആരെന്ന് എം എൽ എ മാർ അഭിപ്രായം പറയും. സംഘടന കാര്യമാണ് ഇനി മുഖ്യം. അപ്പോൾ കെ പി സി സി അദ്ധ്യക്ഷനെ മാറ്റണമോയെന്ന കാര്യം ചർച്ച ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.
പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകും. അതിൽ ആർക്കും ആശങ്ക വേണ്ട. സർക്കാർ ഉണ്ടാക്കാൻ ഇത്രയും വൈകിയത് എന്തു കൊണ്ടാണെന്ന് ചിന്തിക്കണം. കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോൺഗ്രസ് വിമുക്തമാക്കാൻ നരേന്ദ്ര മോദിക്ക് കഴിയില്ല. പിന്നെയാണോ പിണറായി വിജയൻ അങ്ങനെ വിചാരിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
കോൺഗ്രസ് തിരഞ്ഞെടുപ്പ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. ഒരു പരാജയവും ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം. വികാരമല്ല വിവേകമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.