പനജി: സഹപ്രവർത്തകയെ ഹോട്ടലിലെ ലിഫ്‌റ്റിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എഴുത്തുകാരനും തെഹൽക്കയുടെ സ്ഥാപക പത്രാധിപരുമായിരുന്ന തരുൺ തേജ്‌പാലിനെ കോടതി വെറുതേവിട്ടു. ഗോവയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വിധിപ്രസ്‌താവം കേൾക്കാൻ തരുൺ ഹാജരായിരുന്നു.
2013ൽ ഗോവയിലെ ഒരു ഫൈവ്‌സ്‌റ്റാർ ഹോട്ടലിലെ ലിഫ്‌റ്റിൽ വച്ച് തരുൺ തേജ്‌പാൽ തന്റെ നേരെ ലൈംഗികപീഡനത്തിന് ശ്രമിച്ചെന്നായിരുന്നു സഹപ്രവർത്തക നൽകിയ പരാതി. തുടർന്ന് 2013 നവംബറിൽ തരുണിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പിന്നീട് 2014 മേയ് മാസത്തിൽ തരുൺ ജാമ്യത്തിലിറങ്ങി.
തനിക്കെതിരെയുളള ലൈംഗിക പീഡന കേസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തരുൺ തേജ്പാൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഇത് തളളി. കേസിലെ വകുപ്പുകളെ ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിലും ഹർജി നൽകി. എന്നാൽ കേസ് നേരിടണമെന്നും ആറ് മാസത്തിനകം വിധി പറയണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയും ഹർജി തളളി.
തരുണിനെതിരായ കേസ് ഗുരുതര കുറ്റകൃത്യമാണെന്ന് അന്ന് സുപ്രീംകോടതിയിൽ കേസ് പരിഗണിച്ച ജസ്‌റ്റിസ് അരുൺ മിശ്ര, എം.ആർ ഷാ, ബി.ആർ ഗവായി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
2017ൽ ആരംഭിച്ച കേസ് 2021 ഏപ്രിലിൽ പൂർത്തിയായി. എന്നാൽ വിധി പറയും മുൻപ് തരുൺ തേജ്‌പാലിന്റെ അഭിഭാഷകനായ അഡ്വ. രാജീവ് ഗോമസ് കൊവിഡ് ബാധിച്ച് മരിച്ചു. രണ്ട് തവണ വിചാരണ കൊവിഡ് മൂലം മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു.