ഗാസ : ഇസ്രയേലും പാലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ പതിനൊന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇരുപക്ഷവും ഇന്നുമുതൽ വെടിനിർത്താമെന്ന് സമ്മതിച്ചിരിക്കുന്ന അവസരത്തിൽ രണ്ടാഴ്ചയ്ക്കടുത്ത് നീണ്ടുനിന്ന ഏറ്റുമുട്ടലിൽ രണ്ട് രാജ്യങ്ങൾക്കും എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന് നോക്കാം.
പാലസ്തീനിന്റെ മണ്ണിൽ നിന്നും ഇസ്രയേലിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം ആരംഭിച്ചതോടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. അതിർത്തിയിൽ കരസേനയെ സുശക്തമായി അണിനിരത്തിയതിനൊപ്പം ശക്തമായ വ്യോമാക്രമണമാണ് ഗാസയ്ക്ക് മേൽ ഇസ്രയേൽ നടത്തിയത്. മുന്നൂറിന് മുകളിൽ യുദ്ധവിമാനങ്ങൾ ബോംബും മിസൈലുകളും വർഷിക്കുകയായിരുന്നു. പാലസ്തീനിലെ 16,800 ഭവന യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഗാസയിലെ ഭവന മന്ത്രാലയം അറിയിച്ചു. ഇതിൽ ആയിരം വീടുകൾ പൂർണമായും തകർന്നു. 1800 വീടുകളിൽ ഇനി മനുഷ്യവാസം സാദ്ധ്യമല്ലെന്നും അവർ അറിയിക്കുന്നു.
അതേസമയം പാലസ്തീനിലെ വൈദ്യുത പ്രതിസന്ധിയും ആക്രമണത്തെ തുടർന്ന് രൂക്ഷമായിട്ടുണ്ട്. ഇപ്പോൾ കേവലം മൂന്ന് മുതൽ നാല് മണിക്കൂർ മാത്രമാണ് നഗരവാസികൾക്ക് വൈദ്യുതി ലഭിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ വൈദ്യുതി വിതരണ പ്ലാന്റിന് തകരാറേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനൊപ്പം ബോംബാക്രമണത്തിൽ പാലസ്തീനിലെ വ്യാവസായിക മേഖലയ്ക്കും കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ഉദ്ദേശം 40 ദശലക്ഷം ഡോളർ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പാലസ്തീനിൽ കൃഷിക്കും ആക്രമണം വൻ നാശനഷ്ടമാണ് സംഭവിച്ചത്. പ്രതികൂല കാലാവസ്ഥ കാരണം ഹരിതഗൃഹങ്ങളിലാണ് ഇവിടെ കൃഷി. ഹരിതഗൃഹങ്ങൾ, കാർഷിക ഭൂമി, കോഴി ഫാമുകൾ എന്നിവിടങ്ങളിൽ ബോംബുകൾ പതിച്ച് ഏകദേശം 27 മില്യൺ ഡോളർ നാശനഷ്ടമുണ്ടായതായി ഗാസയിലെ കാർഷിക മന്ത്രാലയം സ്ഥിരീകരിക്കുന്നു. ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകൾ നൽകുന്ന റിപ്പോർട്ട് പ്രകാരം പതിനൊന്ന് ദിവസത്തെ ഏറ്റുമുട്ടൽ പാലസ്തീനിലെ ശുദ്ധജല വിതരണ ശൃംഘലകളെയും തകർത്തു എന്നതാണ്.
അതേസമയം ഇസ്രയേലിലും ഹമാസിന്റെ റോക്കറ്റ് ആക്രമണം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അയൺ ഡോം എന്ന മികച്ച പ്രതിരോധത്തിലൂടെ ഹമാസ് റോക്കറ്റുകളിൽ നല്ലൊരു പങ്കും തടയാൻ ഇസ്രയേലിനായെങ്കിലും വ്യവസായത്തെയും സമ്പദ് വ്യവസ്ഥയ്ക്കും ആക്രമണം മങ്ങലേൽപ്പിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്താൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 6.5 ശതമാനം ഇടിഞ്ഞു നിൽക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി ഏറ്റുമുട്ടൽ നടന്നത്. ഇസ്രയേൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദ്ദേശം 166 മില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.
ഇസ്രയേലിന്റെ തെക്കും മദ്ധ്യഭാഗവും ഗാസയിൽ നിന്നുള്ള ശക്തമായ റോക്കറ്റ് ആക്രമണ ഭീഷണിയിലായിരുന്നു. ജനസുരക്ഷ കണക്കിലെടുത്ത് ഫാക്ടറികളിൽ പ്രവർത്തനം പരിമിതമാക്കിയിരുന്നു. തുറമുഖത്ത് എത്തേണ്ടിയിരുന്ന എണ്ണക്കപ്പലുകൾ അടക്കമുള്ളവ തിരിച്ചു വിടുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഇസ്രായേലി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയുടെ പൈപ്പ്‌ലൈൻ റോക്കറ്റ് ആക്രമണത്തിൽ തകർന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരം മുൻകരുതൽ എടുത്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇസ്രയേലിന്റെ വ്യോമഗതാഗതവും ബാധിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര വിമാനക്കമ്പനികൾ ടെൽ അവീവിനടുത്തുള്ള ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. മറ്റുള്ളവ എയ്‌ലാറ്റിനടുത്തുള്ള റാമോൺ വിമാനത്താവളത്തിലേക്ക് മാറ്റി.
പതിനൊന്ന് ദിവസത്തെ രക്തരൂക്ഷിതമായ ഏറ്റുമുട്ടലിൽ പ്രത്യക്ഷ നഷ്ടം പാലസ്തീനാണ്. എന്നാൽ സമ്പദ്‌വ്യവസ്ഥയിലടക്കം ഇസ്രയേലിനും ക്ഷീണം സംഭവിച്ചിട്ടുണ്ട്.