modi

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിനെതിരെ നടക്കുന്നത് ഒരു നീണ്ട യുദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിനേഷൻ എന്നത് കൂട്ടായ ഒരു ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി വാക്‌സിനെടുക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാക്കി മാ‌റ്റണമെന്നും ആവശ്യപ്പെട്ടു. തന്റെ മണ്ഡലമായ വാരണാസിയിലെ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചുകൊണ്ട് നടന്ന വെർച്വൽ യോഗത്തിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കൊവിഡ് പ്രതിരോധത്തിനിടെ വാരണാസിയിൽ മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരെ ഓർത്ത് അദ്ദേഹം വികാരഭരിതനായി.'വൈറസ് നമ്മിൽ നിന്ന് ധാരാളം പേരെ തട്ടിയെടുത്തു. കൊവിഡ് മൂലം ജീവൻ നഷ്‌ടമായവരെ ഞാൻ വണങ്ങുന്നു. അവരോട് ആദരാഞ്ജലികൾ അർപ്പിക്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിൽ കൊവിഡ് വന്നവരിൽ ബ്ളാക് ഫംഗസ് എന്ന രോഗം സ്ഥിരീകരിച്ചതായും ഇത് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും മോദി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,59,591 പേർക്കാണ്. 4209 പേർ മരണമടഞ്ഞു. പ്രതിദിന കണക്കിൽ കുറവുണ്ടെങ്കിലും കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ഇപ്പോഴും ഭീഷണിയാണ്.