bahuguna

ഋഷികേശ്:പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദ‌ർലാൽ ബഹുഗുണ (94) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഋഷികേശിലെ എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം രോഗബാധിതനായിരുന്നു.

ഹിമാലയത്തിലെ അതിവേഗമുള‌ള വനനശീകരണത്തിനെതിരെ പ്രതികരിച്ചായിരുന്നു സുന്ദർലാൽ ബഹുഗുണ പ്രശസ്‌തനായത്. 1970കളിൽ ചിപ്‌കോ പ്രസ്ഥാനത്തിൽ അംഗമായ അദ്ദേഹം വനനശീകരണത്തിനും, അണക്കെട്ട് നിർമ്മാണത്തിനും ഖനനത്തിനുമെതിരെ സർക്കാരുകളോട് സമരം ചെയ്‌തു. 1980കളിൽ തെഹ്‌രി അണക്കെട്ടിനെതിരായ സമരം പ്രശസ്‌തമാണ്. ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്തുള‌ള മറോദ ഗ്രാമത്തിൽ 1927ലാണ് അദ്ദേഹം ജനിച്ചത്.

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് 1981ൽ പദ്മശ്രീയും 2009ൽ പദ്മ വിഭൂഷണും നൽകി രാജ്യം ആദരിച്ചു. തികഞ്ഞ ഗാന്ധിയനും അഹിംസാ വാദിയുമായ അദ്ദേഹത്തിന്റെ സമരങ്ങളും അത്തരത്തിലായിരുന്നു. മരങ്ങൾ കെട്ടിപ്പിടിച്ച് സമരം ചെയ്യുന്നതായിരുന്നു ചിപ്‌കോ പ്രസ്ഥാനത്തിലെ സമരരീതി.