കോട്ടയം നസീർ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത് ഒരു മിമിക്രി കലാകാരന്റെ രൂപമാണ്. എന്നാൽ ഇപ്പോൾ പതിവിൽ നിന്ന് വ്യത്യസ്തമായി നിറങ്ങൾ കൊണ്ട് മായാജാലം തീർക്കുന്ന ഒരു ആർട്ടിസ്റ്റായി മലയാളികളെ അതിശയിപ്പിച്ചിരിക്കുകയാണ് നസീർ. കഴിഞ്ഞ ദിവസം നസീർ വരച്ച മനോജ് കെ. ജയന്റെ ദിഗംബരൻ എന്ന കഥാപാത്രത്തിന്റെ പെയിന്റിംഗ് വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ, ജയസൂര്യയുടെ ഈശോ എന്ന ചിത്രത്തിലെ കഥാപാത്രത്തെയും കാൻവാസിൽ പകർത്തിയിരിക്കുകയാണ് നസീർ.
“എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളിൽ ഒരാളാണ് നസീറിക്ക, അത് അദ്ദേഹത്തിന്റെ അത്ഭുതകരമായ അനുകരണ നൈപുണ്യമോ ചിത്രകലയോ ആകട്ടെ, തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും അദ്ദേഹം മികവ് പുലർത്തുന്നു. അദ്ദേഹത്തിനുള്ളിലെ സംവിധായകനും അതിശയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്, അത് വളരെ അകലെയാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലായ്‌പ്പോഴും സ്നേഹവും ബഹുമാനവും മാത്രം,”എന്നാണ് ജയസൂര്യ കുറിച്ചത്. വരകളുടെ ലോകത്താണ് കോട്ടയം നസീർ ഇപ്പോൾ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും ഈ കലാകാരൻ ചായക്കൂട്ടുകളുടെ ലോകത്തായിരുന്നു ജീവിച്ചിരുന്നത്. ഈ ലോക്ക്ഡൗൺ കാലത്ത് നൂറിലേറെ ചിത്രങ്ങളാണ് കോട്ടയം നസീർ വരച്ചു തീർത്തത്.
“കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല. ദിഗംബരന്റെ മനോഹരമായ ഈ ഓയിൽ പെയിന്റിംഗ് എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത്. ഒരിക്കലും മായില്ല, നന്ദി… സുഹൃത്തേ… ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു. വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട്. ഇത് നസീർ എനിക്ക് തന്ന വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരന്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു, അഭിനന്ദനങ്ങൾ.” എന്നാണ് നസീറിന്റെ ദിഗംബരൻ പെയിന്റിംഗ് കണ്ട് മനോജ് കെ. ജയൻ കുറിച്ചത്.