money

തൃശൂർ: കൊടകരയിൽ വാഹനാപകടം ഉണ്ടാക്കി 25 ലക്ഷവും കാറും തട്ടിയെന്ന കേസിൽ, മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യ അറസ്റ്റിൽ. രഞ്ജിത്തിന്റെ ഭാര്യ കോടാലി വല്ലത്ത് ദീപ്തിയാണ് (34) അറസ്റ്റിലായത്. ഭർത്താവ് രഞ്ജിത് പിടിയിലാകുമെന്ന് ഉറപ്പായ സമയത്ത് കൈമാറിയ 11 ലക്ഷം കൈവശം വയ്ക്കുകയും കവർച്ചപ്പണം ആണെന്നറിഞ്ഞ് ഒളിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

ഇവരുടെ പക്കലിൽ നിന്ന് 11 ലക്ഷം രൂപ കണ്ടെടുത്തു. ഇവരിൽ നിന്നും മറ്റു പ്രതികളിൽ നിന്നുമായി ഇനിയും പണം കണ്ടെത്താനുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. കേസിൽ ഇതോടെ 19 പ്രതികൾ അറസ്റ്റിലായി. കേസ് അന്വേഷണത്തിനായി പുതുതായി രൂപീകരിച്ച സംഘം ആറ് പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നാല് പേരെ ജയിലിൽ വെച്ചും ചോദ്യം ചെയ്തു. മൂന്ന് പ്രതികൾക്ക് കൊവിഡ് ആയതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. അസുഖം മാറിയാൽ ഇവരെയും ചോദ്യം ചെയ്യും.

അഞ്ച് പ്രതികളെ മുൻപ് കേസ് അന്വേഷിച്ച സംഘം ചോദ്യം ചെയ്തിരുന്നു. രഞ്ജിത്തിന്റെ വീട്ടിൽ ഒളിപ്പിച്ച 11.96 ലക്ഷം രൂപ ബുധനാഴ്ച അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതോടെ മൊത്തം കണ്ടെത്തിയത് ഒരു കോടിയോളം രൂപയായി. വെള്ളാങ്ങല്ലൂർ വെളിയനാടുള്ള വീട്ടിൽ പലയിടത്തായി ഒളിപ്പിച്ച 11.96 ലക്ഷമാണ് കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ പണം ഇല്ലെന്ന നിലപാടിൽ ഉറച്ചു നിന്ന പ്രതിയെ തെളിവുകൾ സഹിതം പൊലീസ് നടത്തിയ നീക്കത്തിലൂടെ കുടുക്കിയാണ് പണം ഇരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞത്. ബാക്കി തുക കണ്ടെത്താനും കേസിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്. മൂന്നരക്കോടി രൂപ അപഹരിച്ചെന്ന പ്രചാരണം സത്യമാണെന്ന് വിവരം കിട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് ചെലവഴിക്കാൻ ദേശീയ പാർട്ടി കൊടുത്തുവിട്ടതാണ് 3.5 കോടിയെന്നായിരുന്നു പ്രചാരണം. ഈ പണമാണ് കവർന്നതെന്നതും വ്യക്തമായി.