ismael-strike-

ന്യൂയോർക്ക് : ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ എന്നും ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാൻ പാലസ്തീനൊപ്പമാണ് നിലയുറച്ചത്. ഐക്യരാഷ്ട്ര സഭയിലടക്കം ഇസ്രയേൽ വിരുദ്ധ നിലപാടാണ് അവർ സ്വീകരിച്ചിരുന്നത്. എന്നാൽ ഇതാദ്യമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇസ്രയേൽ ശക്തിയെ ഉയർത്തിക്കാട്ടി സംസാരിച്ചു. സിഎൻഎനുമായുള്ള അഭിമുഖത്തിനിടെയാണ് പാക് മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇസ്രായേൽ ശക്തരാണെന്ന് അഭിപ്രായപ്പെട്ടത്.

എല്ലായിടത്തും സ്വാധീനം ചെലുത്താൻ കഴിയുന്ന രാഷ്ട്രമാണ് ഇസ്രയേൽ, അവർ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നു. ഇസ്രയേലിന് വേണ്ടി മാദ്ധ്യമങ്ങൾ കൂടുതൽ സമയം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ ഇപ്പോഴുള്ള അവസ്ഥ മാറുമെന്നും അദ്ദേഹം പറഞ്ഞു. ജൂത വിരുദ്ധത പ്രകടിപ്പിച്ചു കൊണ്ടാണ് പാക് മന്ത്രി ചർച്ചയിൽ ഉടനീളം സംസാരിച്ചത്.

ഇസ്രയേലും ഹമാസും തമ്മിൽ ഗാസയിൽ പതിനൊന്ന് ദിവസമായി നടത്തുന്ന ഏറ്റുമുട്ടലിനെ കുറിച്ചും ഒരു മിനിട്ടിലേറെ പാക് മന്ത്രി സംസാരിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ ഇസ്രയേൽ വ്യോമാക്രമണത്തിനോട് ക്ഷമിക്കുവാൻ തനിക്ക് കഴിയില്ലെന്നും ഖുറേഷി വ്യക്തമാക്കുന്നു. പാലസ്തീനു മേൽ ഇസ്രയേലിന്റെ ആക്രമണം വംശീയ ഉന്മൂലനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഖുറേഷി ഈ വിഷയത്തിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് സിഎൻഎൻ അഭിമുഖം നടത്തിയത്. മേഖലയിൽ സമാധാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും പാക് മന്ത്രി അഭിപ്രായപ്പെട്ടു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.