fresh-to-home
ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്രഷ് ടു ഹോം ലഭ്യമാക്കുന്ന ഭക്ഷ്യധാന്യ കിറ്റുകൾ ചെല്ലാനം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമ ബിനോയിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു

കൊച്ചി: കൊവിഡിന് പിന്നാലെ കടൽക്ഷോഭവും മഴക്കെടുതിയുംമൂലം കടുത്ത പ്രതിസന്ധിയിലായ ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൈത്താങ്ങുമായി പ്രമുഖ ഓൺലൈൻ മത്സ്യ-മാംസ വിതരണ കമ്പനിയായ ഫ്രഷ് ടു ഹോം. ചെല്ലാനം ഹാർബർ സ്ഥിതിചെയ്യുന്ന വാർഡിലെ മുഴുവൻ വീടുകളിലും ഫ്രഷ് ടു ഹോമിന്റെ നേതൃത്വത്തിൽ 23 ഇനങ്ങളടങ്ങിയ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണംചെയ്‌തു. ചെല്ലാനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമ ബിനോയിയുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരാണ് കിറ്റുകൾ വീടുകളിൽ എത്തിച്ചത്.

ഹാർബറിൽ മത്സ്യകയറ്റിറക്ക് നടത്തുന്ന 40 തൊഴിലാളികൾക്കും കിറ്റ് നൽകി. കമ്പനിക്ക് ആവശ്യമായ മത്സ്യം ലഭ്യമാക്കുന്ന തൊഴിലാളി കുടുംബങ്ങളെ ദുരിതകാലത്ത് സഹായവുമായി കൂടെച്ചേർത്ത് പിടിക്കുകയാണ് ഫ്രഷ് ടു ഹോമെന്ന് സി.ഒ.ഒ മാത്യു ജോസഫ് പറഞ്ഞു. 1200 രൂപ വരുന്ന കിറ്റാണ് ലഭ്യമാക്കിയത്. കഴിഞ്ഞവർഷവും 16 ലക്ഷം രൂപയുടെ സഹായം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്രഷ് ടു ഹോം ലഭ്യമാക്കിയിരുന്നു.

മലയാളി സംരംഭകരായ മാത്യു ജോസഫും ഷാൻ കടവിലും ചേർന്ന് നയിക്കുന്ന ഫ്രഷ് ടു ഹോം ഇന്ത്യയിലെ മുൻനിര സ്‌റ്റാർട്ടപ്പ് കമ്പനികളിലൊന്നാണ്. ഗൂഗിളും ഫേസ്‌ബുക്കും മൈക്രോസോഫ്‌റ്റും അമേരിക്കൻ സർക്കാരിന്റെ നിക്ഷേപക സ്ഥാപനവും ഉൾപ്പെടെ ഒട്ടേറെ പ്രമുഖ കമ്പനികളുടെ നിക്ഷേപവും ഫ്രഷ് ടു ഹോം നേടിയിട്ടുണ്ട്. 125 ഹാർബറുകളിലായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടുന്ന ഫ്രഷ് ടു ഹോമിന് 17,000ഓളം ജീവനക്കാരുണ്ട്. 2022ൽ 1,500 കോടി രൂപയാണ് കമ്പനി പ്രതീക്ഷിക്കുന്ന വിറ്റുവരവ്.