central-stadium-

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ കൊവിഡ് വാക്സിനേഷൻ തുടങ്ങി. സർക്കാർ മുന്നണി പോരാളി പട്ടികയിൽ പെടുത്തിയ 18 മുതൽ 44 വയസ് വരെയുള്ള 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ നൽകിയത്.

കൂറ്റൻ പന്തലൊരുക്കിയുളള സത്യപ്രതിജ്ഞയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പന്തൽ പൊളിക്കരുതെന്നും കൊവിഡ് വാക്സിനേഷനായി ഉപയോഗപ്പെടുത്തണമെന്നും കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഡോ. എസ്.എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. നിരവധി പേരാണ് ഈ ആശയത്തെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. ഇത് കണക്കിലെടുത്താണ് ഉടനെ പന്തൽ പൊളിക്കേണ്ടെന്ന് പൊതുഭരണവകുപ്പ് തീരുമാനിച്ചത്. മൂന്ന് പന്തലുകളിലായി പരമാവധി ആളുകൾക്ക് വാക്സീൻ കൊടുക്കാനാണ് തീരുമാനം. 80,000 ചതുരശ്ര അടി വിസ്തീർണമുള്ള കൂറ്റൻ പന്തലിന് 5,000 പേരെ വരെ ഉൾക്കൊള്ളാൻ കഴിയും.

ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിൽ കായിക പരിപാടികളൊന്നുമില്ലാത്തതിനാൽ ഇപ്പോഴുള്ള പന്തൽ തത്കാലം പൊളിക്കേണ്ട ആവശ്യവുമില്ല.