mamata-banerjee

കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2016 ൽ തനിക്ക് വിജയം സമ്മാനിച്ച ഭവാനിപുർ മണ്ഡലത്തിലാകും അവർ ജനവിധി തേടുക. ഇവിടെ നിന്നും മത്സരിച്ച് ജയിച്ച സൊവൻദേബ് ചാറ്റർജി മമതയ്ക്ക് വേണ്ടി എം.എൽ.എ സ്ഥാനം രാജിവച്ചു. അദ്ദേഹം നിലവിൽ മന്ത്രിസഭയിൽ അം​ഗമാണ്.

നന്ദി​ഗ്രാമിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മമതയെ സുരക്ഷിതമായ സീറ്റിൽ നി‍ർത്തി വിജയിപ്പിക്കേണ്ടത് ആവശ്യമായി വന്നതോടെയാണ് സൊവൻദേബ് രാജിവച്ചൊഴിഞ്ഞത്. എം.എൽ.എ സ്ഥാനമൊഴിഞ്ഞെങ്കിലും അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരും എന്നാണ് തൃണമൂൽ വൃത്തങ്ങൾ നൽകുന്ന സൂചന.

ബി.ജെ.പി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ മത്സരിച്ച മമത രണ്ടായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. എന്നാൽ അതേസമയം മമതയുടെ വിശ്വസ്ഥനായ സൊവൻദേബ് സൊവൻ ദേബ് മണ്ഡലത്തിൽ വിജയിക്കുകയും ചെയ്തു. 57 ശതമാനം വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയം സ്വന്തമാക്കിയത്.