ന്യൂഡൽഹി: ആദ്യമായി ദ്റോണാചാര്യ അവാർഡ് നേടുന്ന ബോക്സിംഗ് പരിശീലകൻ ഒ.പി ഭരദ്വാജ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ന്യൂഡൽഹിയിൽ ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അദ്ദേഹം ജനിച്ചത്. പത്തു ദിവസം മുൻപ് അദ്ദേഹത്തിന്റെ ഭാര്യ വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചിരുന്നു. ഇന്ത്യൻ ബോക്സിംഗ് രംഗത്തെ ആദ്യ കാല താരങ്ങളിൽ ഒരാളായ അദ്ദേഹം 1968 മുതൽ 89 വരെ ഇന്ത്യൻ ബോക്സിംഗ് ടീമിന്റെ പരിശീലകനായിരുന്നു.1985ൽ മികച്ച പരിശീലകർക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദ്റോണാചാര്യ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആ പുരസ്കാരം ആവർഷം തന്നെ സ്വന്തമാക്കിയ ഇതിഹാസമാണ് ഭരദ്വാജ്. പി.ടി ഉഷയുടെ പരിശീലകനായിരുന്ന ഒ.എം നമ്പ്യാർ (അത്ലറ്റിക്സ്), ബാലചന്ദ്ര ഭാസ്കര ഭഗവത് (ഗുസ്തി) എന്നിവരാണ് ഭരദ്വാജിനൊപ്പം ആ വർഷം ദ്റോണാചാര്യ സ്വന്തമാക്കിയ മറ്റു രണ്ട് പേർ. . 2008-ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് ബോക്സിംഗ് പഠിപ്പിച്ചുകൊടുത്ത് ഭരദ്വാജ് വാർത്തകളിൽ ഇടം നേടിയിരുന്നു.
സുവർണ്ണ
നേട്ടങ്ങൾ
ഭരദ്വാജിന്റെ പരിശീലനത്തിൽ കീഴിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് (1970-86), മിനി കോമൺവെൽത്ത് ഗെയിംസ് (ബ്രിസ്ബേൺ 1982), കിംഗ്സ് കപ്പ് (1982, ബാങ്കോക്ക്), സാഫ് ഗെയിംസ് എന്നിവയിലെല്ലാം ഇന്ത്യൻ താരങ്ങൾ നിരവധി മെഡലുകൾ വാരിക്കൂട്ടി.
പട്യാലയിൽ പ്രവർത്തിക്കുന്ന ദേശീയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചീഫ് സെലക്ടറായിരുന്നു, ഇവിടത്തെ ബോക്സിംഗ് ഡിപ്പാർട്ട്മെന്റെലെ ആദ്യ പരിശീലകനാണ്. 1975 മുതൽ 88വരെ ഇവിടെ ചീഫ് കോച്ചായിരുന്നു.
15000ത്തോളം താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്.