farmers

ന്യൂഡൽഹി: ആർഎസ്‌എസിന്റെ ആഭിമുഖ്യത്തിൽ നടത്തിവന്ന രക്തദാന ക്യാമ്പ് അലങ്കോലപ്പെടുത്തി കർഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകർ. കീ‌ർത്തി കിസാൻ മോർച്ച, സംയുക്ത് കിസാൻ മോ‌ർച്ച എന്നീ കർഷക സംഘടനകളാണ് പഞ്ചാബിലെ റോപാർ ജില്ലയിലെ ക്യാമ്പിലെത്തി നാശം വിതച്ചത്.

കർഷകർ എത്തുന്നത് പ്രമാണിച്ച് വൻ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്നത്. എന്നാൽ ഇവരെ കാഴ്‌ചക്കാരാക്കി മുന്നൂറോളം വരുന്ന കർഷകർ രക്തദാന ക്യാമ്പിന്റെ വേദിയിലെത്തി പരിപാടി തടസപ്പെടുത്തി. വിവാദമായ കർഷക ബില്ലുകൾ പിൻവലിക്കാതെ ബിജെപിയെയും ആർ‌.എസ്.എസിനെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കർഷകർ പറഞ്ഞു. ഇവർ രക്തദാന പരിപാടി ആരംഭിക്കും മുൻപ്‌തന്നെ ഇവിടെയെത്തിയിരുന്നതായാണ് വിവരം. പിന്നീട് ക്യാമ്പ് ആരംഭിച്ചതോടെ ഇവരെ തടഞ്ഞ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ചാടിക്കടന്ന് അകത്ത് കയറിയ സംഘം സ്ഥലത്ത് വലിയ നാശമാണുണ്ടാക്കിയത്.

റോപാറിൽ പ്രശ്‌നങ്ങൾക്ക് പിന്നാലെ ഡൽഹി അതിർത്തിയായ തരാൻ തരാനിലേക്ക് ഒരുകൂട്ടം കർഷകർ നീങ്ങി. ഇവരിൽ യുവാക്കളും വനിതകളുമുണ്ട്. മുൻതീരുമാനമനുസരിച്ച് ഇവർ പ്രതിഷേധിക്കാൻ പോകുകയാണെന്ന് കർഷകസംഘടനയായ കിസാൻ മജ്‌ദൂ സംഘർഷ് കമ്മി‌റ്റി അറിയിച്ചു.എല്ലാ കർഷകരും പുതിയ കർഷക ബില്ലുകൾക്കെതിരെ വീടുകളിലും വാഹനങ്ങളിലും കരിങ്കൊടി കെട്ടി പ്രതിഷേധിക്കും.

കഴിഞ്ഞ ആറ് മാസമായി ഡൽഹി അതിർത്തിയിൽ കർഷകർ സമരം ചെയ്യുകയാണ്. റിപബ്ളിക് ദിനത്തിലെ സംഭവങ്ങൾക്ക് ശേഷം സമരരീതിയിൽ കർഷകർ മാ‌റ്റം വരുത്തിയിരുന്നു.