israel-palestine

ടെൽ അവീവ്: പതിനൊന്ന് ദിവസത്തെ സംഘർഷഭരിത മുഹൂർത്തങ്ങൾക്ക് വിരാമമിട്ട് ഇസ്രയേലും പാലസ്തീനും തമ്മിൽ ഈജിപ്റ്റിന്റെ മദ്ധ്യസ്ഥതയിൽ വെടിനിറുത്തലിന് ധാരണയായി. കരാർ പാലിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ രണ്ട് പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് ഈജിപ്റ്റ് പറഞ്ഞു. ഈജിപ്റ്റ് കൊണ്ടുവന്ന നിരുപാധിക വെടിനിറുത്തലിന്​ ഇസ്രയേൽ സുരക്ഷാ മന്ത്രാലയം അംഗീകാരം നൽകിയതായി പ്രധാനമ​ന്ത്രി ​ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിറുത്തുകയാണെന്ന്​ ഹമാസും ഇസ്​ലാമിക്​ ജിഹാദും ​പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെയാണ്​ ബോംബുവർഷം അവസാനിച്ചെതന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, വിരലുകൾ ഇപ്പോഴും തോക്കിൻ തുമ്പത്ത് തന്നെയുണ്ടെന്ന് ഹമാസ് മുന്നറിയിപ്പു നല്‍കി. ഇസ്രയേൽ ജറുസലേമിൽ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഗാസാ മുനമ്പിലുണ്ടായ നാശനഷ്ടങ്ങൾക്കു പരിഹാരം നൽകണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഏറ്റുമുട്ടൽ അവസാനിച്ചത് നല്ലതാണെങ്കിലും ഉടൻ തന്നെ അടുത്ത സംഘർ

ഷം ആരംഭിക്കുമെന്ന് ഉറപ്പാണെന്ന് ഇസ്രയേലും പ്രതികരിച്ചു.കരാർ ലംഘനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് ഇരു രാജ്യങ്ങളും പരസ്പരം മുന്നറിയിപ്പും നൽകി. അതേസമയം, വെടിനിറുത്തൽ കരാർ നിലവിൽ വരുന്നതിനു തൊട്ടു മുമ്പ് വരെ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തിയിരുന്നു.

65 കുട്ടികൾ ഉള്‍പ്പെടെ 232 പേർ പാലസ്തീനിൽ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇസ്രയേലിൽ 12 പേർ

മരിച്ചു.

@ പിന്തുണച്ച് ബൈഡൻ

സമാധാനമായി ജീവിക്കാനുള്ള അവകാശം ഇസ്രയേൽ - പാലസ്തീൻ ജനതയ്ക്കുണ്ടെന്നും വെടിനിറുത്തലിനെ എല്ലാരീതിയിലും പിന്തുണയ്ക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വെടിനിറുത്തൽ അമേരിക്കൻ നയതന്ത്രത്തിന്റെ വിജയമാണെന്നും ഇനിയും തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. അതേസമയം, തുടർ നടപടികൾക്കായി യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്റണി ബ്ലി​ങ്കൻ പശ്​ചിമേഷ്യയിലേക്ക്​ പുറപ്പെടും.

@ പാലസ്തീനിൽ ആഘോഷം

വെടിനിറുത്തൽ പ്രാബല്യത്തിൽ വരുമെന്ന് അറിഞ്ഞതോടെ പാലസ്തീനികൾ ആഹ്ളാദ പ്രകടനങ്ങളുമായി ഗാസയിലെ തെരുവിലിറങ്ങി. കാറുകളിൽ പാലസ്തീൻ കൊടികളുമായി ആളുകൾ ഹോൺ മുഴക്കി തെരുവുകളിൽ നിറഞ്ഞു.

@ ആരംഭം ഇങ്ങനെ

മേയ് പത്തിനാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചത്. കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഉൾപ്പെടെ ഇസ്രയേൽ പൊലീസ് അതിക്രമം നടത്തുന്നുവെന്ന് ആരോപിച്ച് പാലസ്തീനികൾ പ്രതിഷേധിച്ചു. പിന്നീട്, ഇത് യുദ്ധസമാനമായി മാറുകയായിരുന്നു.