മലയാള ചലചിത്രത്തിന്റെ സ്വകാര്യ അഹങ്കാരമായമായ മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാൾ ലോകമെമ്പാടുമുളള ആരാധകർ ആഘോഷമാക്കുകയാണ്. സ്ക്രീനിൽ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയത്തെ ജനങ്ങൾ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നറിയാൻ ഈ ഒരു ദിവസം മാത്രം മതിയാകും. കാലം കാത്തുവച്ച മാറ്റങ്ങൾ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടൻ.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിൽ നിന്നും നായക പദവിയിലേക്ക് ഉയർത്തപ്പെട്ട ലാൽ മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഒരു കൂട്ടം കഥാപാത്രങ്ങളെയും അഭിനയ മൂഹൂർത്തങ്ങളുമാണ് സമ്മാനിച്ചിട്ടുളളത്. മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ മോഹൻലാൽ എന്ന പേര് എന്നെന്നും രേഖപ്പെടുത്താൻ ഈ സംഭാവനകൾ തന്നെ ധാരാളമാണ്. ചിത്രത്തിലെ വിഷ്ണു, കിരീടത്തിലെ സേതുമാധവൻ, ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠൻ, സ്ഫടികത്തിലെ ആടുതോമ, തൻമാത്രയിലെ രമേശൻ നായരുമെല്ലാം ലാൽ തന്റെ അഭിനയ മികവു കൊണ്ട് സമ്പന്നമാക്കിയ ചുരുക്കം ചില കഥാപാത്രങ്ങൾ മാത്രമാണ്. ലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം (ചലച്ചിത്രം1978) ആയിരുന്നു. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.
മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും ലാൽ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്കു, കന്നട എന്നീഭാഷകളിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചു. 1997 മണിരത്നത്തിന്റെ സംവിധാനത്തിൽ പിറന്ന ഇരുവർ എന്ന ചിത്രത്തിലൂടെയാണ് അന്യഭാഷയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. ഈ ചിത്രത്തിനു ശേഷം നിരവധി അന്യഭാഷാ ചിത്രങ്ങളിൽ അവസരം ലഭിച്ചു. അതേസമയം സ്ക്രീനിലെന്ന പോലെ നാടക വേദികളിലും അഭിനയ മികവുകൊണ്ട് വിസ്മയം തീർത്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ലാലിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലാലിനെത്തേടിയെത്തി. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു.
മോഹൻലാൽ എന്ന നടൻ സിനിമാ ലോകത്തിന് നൽകിയ സംഭാവനകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുളള നേട്ടങ്ങളും മലയാളത്തിലെ സിനിമാ പ്രേമികൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്നറിയാം. അദ്ദേഹത്തിന്റെ സിനിമകളും ജീവിതത്തിലെ നേട്ടങ്ങളും ചെറിയ സന്തോഷങ്ങൾപോലും ആഘോഷമാക്കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകർ. ലാലിന്റെ സംഭാവനകൾ ചുരുക്കം വാക്കുകളിൽ ഒതുക്കാൻ കഴിയുന്നവയുമല്ല. പക്ഷേ ഈ സുദിനത്തിൽ ആ നടന വിസ്മയത്തിന്റെ കഴിഞ്ഞു പോയ കാലവും സംഭാവനകളും കുറിക്കാതെ പോകുന്നത് അനുചിതമാകും.