ലണ്ടൻ: കൊവിഡിന്റെ ബി1.617.2 വകഭേദം ബാധിച്ചവരുടെ എണ്ണം ബ്രിട്ടനിൽ ഒരാഴ്ച കൊണ്ട് ഇരട്ടിയായി. കഴിഞ്ഞ ആഴ്ച 1,313 പേർക്കാണ് ഈ വകഭേദം ബാധിച്ചത്. ഈ ആഴ്ച ഇത് 3,424 ആയി ഉയർന്നു.
ബി1.617.2 വകഭേദം ആശങ്കയുണ്ടാക്കുന്നതാണ്. ലോക്ക്ഡൗൺ പൂർണമായി നീക്കുന്നതിന് ഇത് തടസ്സമാകും - പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ജൂൺ 21ന് രാജ്യം പൂർണമായും തുറക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ, ഇക്കാര്യം പുനരാലോചിച്ചേക്കും. അതേസമയം, വാക്സിൻ സ്വീകരിക്കുന്നതിലുള്ള ഇടവേള ചുരുക്കി വാക്സിനേഷൻ ത്വരിതപ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെന്നും നാം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണെന്നും ആരും അലംഭാവം കാട്ടരുതെന്നും ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജെന്നി ഹാരിസ് പറഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും ആത്മവിശ്വാസത്തിലാണ്. വൈറസിനെ പ്രതിരോധിക്കുന്നതിൽ വാക്സിൻ വിജയിക്കും. പ്രായപൂർത്തിയായ 70% പേരും ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചു കഴിഞ്ഞു - ജെന്നി കൂട്ടിച്ചേർത്തു.