ന്യൂക്: ആർട്ടിക് മേഖലയിലെ ഗ്രീൻലാൻഡിലെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുമലകൾ അനിയന്ത്രിതമായി ഉരുകിയൊലിക്കുന്നുണ്ടെന്ന റിപ്പോർട്ടുമായി കോപൻഹേഗൻ സർവകലാശാലയിലേയും നോർവെയിലെ ആർട്ടിക് സർവകലാശാലയിലേയും ഗവേഷകർ. ഈ മഞ്ഞുരുക്കം ലോകത്തെയാകെ പ്രളയത്തിൽ മൂടുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.
ഗ്രീൻലാൻഡിലെ 17 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മഞ്ഞുപാളി അതിവേഗം ഉരുകുകയാണെന്നാണ് ഗവേഷകർ പറയുന്നു. ഇതേ വേഗതയിൽ മഞ്ഞുരുകിയാൽ 80 വർഷത്തിനകം കടൽ 1.2 മീറ്റർ ഉയരുമെന്നാണ് പഠന ശേഷം പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നത്. കടൽ രണ്ടു മീറ്റർ ഉയർന്നാൽ, മാലദ്വീപും ബംഗ്ലാദേശുമെല്ലാം വെള്ളത്തിനടിയിലാകും.
മഞ്ഞുപാളി പൂർണമായും ഉരുകിയാൽ കടൽ എഴു മീറ്ററോളം ഉയരും. 900 വർഷങ്ങൾകൊണ്ട് അതും സംഭവിക്കുമെന്നും പഠനത്തിൽ പറയുന്നു. ഇത് മനുഷ്യരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാം.
@1880 മുതൽ ഗ്രീൻലാൻഡിലെ മഞ്ഞുരുക്കം സംഭവിക്കുന്നുണ്ടെന്നാണ് പഠന റിപ്പോർട്ടിലുള്ളത്. വ്യവസായ വിപ്ലവത്തിന് ശേഷമുള്ള ആഗോളതാപനം പ്രകൃതിയ്ക്ക് ദോഷമുണ്ടാക്കി. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും കാർബൺഡൈ ഓക്സൈഡിന്റെ പുറം തള്ളലും ആഗോള താപനത്തെ അതിവേഗത്തിലാക്കി. ആഗോളതാപനം നിയന്ത്രിച്ചാൽ പോലും മഞ്ഞുരുക്കം ഉടനെയൊന്നും തടയാനാകില്ലെന്നാണ് ഗവേഷകർ പറയുന്നത്.
മഞ്ഞുരുക്കം മൺസൂൺ പ്രദേശങ്ങളിലും നാശം വിതക്കാൻ കാരണമാകുമെന്ന മുന്നറിയിപ്പ് പഠനം നടത്തിയവർ നൽകുന്നുണ്ട്. കേരളം പോലുള്ള തീര പ്രദേശങ്ങൾ ഇതിന്റെ ഫലങ്ങൾ നേരിടേണ്ടി വരും.
@ അപകടത്തിൽ ഇന്ത്യയും
കടലിലെ ജല നിരപ്പുയർന്നാൽ അപകടത്തിലാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയിലുമുണ്ട്. ഷാങ്ഹായി, ലണ്ടൻ, ഫ്ലോറിഡ തുടങ്ങിയ നഗരങ്ങളും ഭീഷണിയിലാകും.