51 മൃതദേഹങ്ങൾ കണ്ടെടുത്തു 24പേരെ കാണാനില്ല
മുംബയ്: ടൗക്‌തേ ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട ഒ.എൻ.ജി.സിയുടെ പി - 305 ബാർജ് മുംബയ് കടലിൽ മുങ്ങിയ സംഭവത്തിൽ ക്യാപ്ടൻ രാജേഷ് ബല്ലവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് മുംബയ് യെല്ലോഗേറ്റ് പൊലീസ് കേസെടുത്തു. 'അശ്രദ്ധ മൂലമുള്ള മരണം' എന്ന കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ തയാറാക്കിയത്. അപകടം നടക്കുമ്പോൾ മുംബയ്ക്ക് 35 നോട്ടിക്കൽ മൈൽ അകലെയായിരുന്നു മലയാളികടക്കം 261 ജീവനക്കാരുമായി ബാർജ് സ്ഥിതി ചെയ്തിരുന്നത്. അതേസമയം, അപകടത്തിൽ കാണാതായ ക്യാപ്ടനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.
കാലാവസ്ഥാ മുന്നറിയിപ്പുകളെ ക്യാപ്ടൻ അവഗണിച്ചതായും ചുഴലിക്കാറ്റിന്റെ പാതയിലൂടെ പോകുന്നതു ശ്രദ്ധയിൽപ്പെടുത്തിയിട്ടും പിന്തിരിഞ്ഞില്ലെന്നും മുങ്ങിയ ബാർജിൽ നിന്നും രക്ഷപ്പെട്ട് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാർജിന്റെ ചീഫ് എൻജിനീയർ റഹ്മാൻ ഷെയ്ക്ക് മൊഴിനൽകിയിരുന്നു. 24 മണിക്കൂർ കടലിൽ കിടന്നശേഷമാണ് ചീഫ് എൻജിനീയർ റഹ്മാൻ ഷെയ്ഖ് രക്ഷപ്പെട്ടത്.
ചുഴലിക്കാറ്റ് വരുന്നതിന് ഒരാഴ്ച മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. പല കപ്പലുകളും മുന്നറിയിപ്പ് പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങി.
ക്യാപ്ടനോട് മുന്നറിയിപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, 40 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശുകയെന്നും മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് തീരം വിടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് കാറ്റെത്തിയതെന്ന് റഹ്മാൻ പറഞ്ഞു.
ഒ.എൻ.ജി.സിയുമായി കരാറുള്ള അഫ്കോൺ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ മൂന്നു ബാർജുകളാണ് കടലിൽ ഉണ്ടായിരുന്നത്. മേയ് 14ന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചപ്പോൾ ത്തന്നെ എല്ലാ ക്യാപ്ടൻമാരോടും തീരത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഗാൽ കൺസ്ട്രക്ടർ (137 ജീവനക്കാർ), എസ്.എസ് -3 (201 ജീവനക്കാർ) എന്നീ ബാർജുകൾ തീരത്തേക്ക് മടങ്ങാനാരംഭിച്ചിരുന്നു. എന്നാൽ റിഗ്ഗിൽനിന്ന് 200 മീറ്റർ മാത്രം മാറി നിൽക്കാനാണ് പി – 305 ബാർജ് ക്യാപ്ടൻ തീരുമാനിച്ചത്.
ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മലയാളികളടക്കം 51 പേർ മരിച്ചു. വരപ്രദഎന്ന ടഗ്ബോട്ടിലെ രണ്ടുപേരുൾപ്പെടെ 188 പേരെ രക്ഷപെടുത്തി. 24പേരെ കാണാനില്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.