lockdown

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗണിൽ നിന്നും സംസ്ഥാനത്തെ മൂന്ന് ജില്ലകളെ നാളെ രാവിലെ മുതൽ ഒഴിവാക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നീ ജില്ലകളാണ് നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിൽ നിന്നും ഒഴിവാകുക.

ഈ ജില്ലകളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലും താഴേക്ക് പോയെന്ന് കണ്ടുകൊണ്ടാണ് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിക്കുന്നത്. ജില്ലകളിൽ ആക്റ്റീവ് കേസുകൾ കുറഞ്ഞതും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആക്റ്റീവ് കേസുകൾ കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ടിപിആർ ഏറ്റവും കൂടുതലുള്ള ജില്ലയായ മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുക തന്നെ ചെയ്യും.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ നാല് ജില്ലകളിലും ഒരുമിച്ചാണ് സംസ്ഥാന സർക്കാർ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി ടിപിആർ കുറഞ്ഞിട്ടില്ലെന്നും അത് പ്രത്യേകം പരിശോധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിലെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കൂടുതൽ ശക്തമായനിലപാടുകൾ സ്വീകരിക്കേണ്ടതായിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ, പൊലീസ് സംവിധാനം കുറച്ചുകൂടി ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

content details: lockdown in kerala triple lockdown in three districts withdrawn.