-call

ടോക്കിയോ: കൃത്യനിഷ്ഠയുടെ ഉത്തമ ഉദാഹരണമാണ് ജപ്പാനിലെ ഗതാഗത സംവിധാനങ്ങൾ. എന്നാൽ, കഴിഞ്ഞ ദിവസം ജപ്പാനിലെ ഒരു ബുള്ളറ്റ് ട്രെയിൻ ഒരു മിനിറ്റ് വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. വൈകിയെത്തിയതിന്റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് അധികൃതർ.

160 യാത്രക്കാരുമായി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വരികയായിരുന്ന ഹികരി 633 എന്ന അതിവേഗ ട്രെയിനിന്റെ കോക്പിറ്റിൽ നിന്നും ടോയ്ലൈറ്റിൽ പോകാൻ ഡ്രൈവർ (ലോക്കോപൈലറ്റ്) ഇറങ്ങിയോടുകയായിരുന്നു. അടിവയറ്റിൽ പെട്ടെന്ന് വേദന അനുഭവപ്പെട്ടെന്നും ടോയ്‌ലറ്റിലേക്ക് ഓടുകയായിരുന്നെന്നും 36കാരനായ ഡ്രൈവർ സമ്മതിച്ചിട്ടുണ്ട്.

ട്രെയിനിന്റെ നിയന്ത്രണം വേണ്ടത്ര പരിശീലനമോ ലൈസൻസോ ഇല്ലാത്ത കണ്ടക്ടർക്ക് മൂന്ന് മിനിറ്റത്തേക്ക് കൈമാറിയാണ് ഡ്രൈവർ‌ കോക്പിറ്റ് വിട്ടത്. ബുള്ളറ്റ് ട്രെയിൻ കമ്പ്യൂട്ടർ നിയന്ത്രിതമാണെങ്കിലും, ഷെഡ്യൂൾ അനുസരിച്ച് ഓടുന്നുണ്ടെന്ന് ഉറപ്പാക്കാനും ബ്രേക്ക് ചെയ്യാനും വേഗത്തിലാക്കാനും ഡ്രൈവർ വേണം.

പ്രോട്ടോക്കോൾ അനുസരിച്ച്, ഡ്രൈവർ കമാൻഡ് സെന്ററുമായി ബന്ധപ്പെട്ട് ട്രെയിൻ നിയന്ത്രിക്കാൻ യോഗ്യതയുള്ള കണ്ടക്ടർക്ക് കൈമാറണം. ഇതിനായി ട്രെയിൻ അടുത്ത സ്റ്റേഷനിൽ കുറച്ച് നേരം നിറുത്തിയിടണം. എന്നാൽ, ഇക്കാര്യത്തിനായി ട്രെയിൻ നിറുത്തിയാൽ സമയം വൈകുമെന്നത് സ്വീകാര്യമല്ലാത്തതിനാൽ ഡ്രൈവർ ഇതിന് തയ്യാറായില്ല.

സംഭവം റെയിൽവേ കമ്പനിയുടെ ശ്രദ്ധയിൽപ്പെടുകയും അവർ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. ഡ്രൈവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.