adani

ന്യൂഡൽഹി: ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനെന്ന പട്ടം ഇനി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് സ്വന്തം. ഒന്നാംസ്ഥാനത്ത് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. കൊവിഡ് താണ്ഡവമാടിയ 2020-21ൽ 3,270 കോടി ഡോളർ വർദ്ധിച്ച് അദാനിയുടെ ആസ്‌തി 6,650 കോടി ഡോളറിൽ (4.86 ലക്ഷം കോടി രൂപ) എത്തിയതോടെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. ആസ്‌തിയിൽ 20 കോടി ഡോളർ കുറഞ്ഞെങ്കിലും 7,650 കോടി ഡോളർ (5.60 ലക്ഷം കോടി രൂപ) ആസ്‌തിയുമായി മുകേഷ് ഒന്നാംസ്ഥാനം നിലനിറുത്തി.

ആഗോള സമ്പന്നപട്ടികയിൽ മുകേഷ് 13-ാമനും അദാനി 14-ാമനുമാണ്. ചൈനീസ് ശതകോടീശ്വരനും നോംഗ്‌ഫു സ്‌പ്രിംഗ് എന്ന ഔഷധ കമ്പനിയുടെ തലവനുമായ ഷോംഗ് ഷൻഷാനെയാണ് (ആസ്‌തി 6,360 കോടി ഡോളർ) അദാനി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയത്. ഇന്റർനെറ്റ്-ടെക്‌നോളജി കമ്പനിയായ ടെൻസെന്റിന്റെ സ്ഥാപക ചെയർമാനും ചൈനക്കാരനുമായ മാ ഹ്വാതെംഗ് ആണ് 6,050 കോടി ഡോളറുമായി നാലാമത്. ആലിബാബ, ആന്റ് ഗ്രൂപ്പ് എന്നിവയുടെ തലവനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മായാണ് അഞ്ചാമത്; ആസ്‌തി 4,870 കോടി ഡോളർ.

ചൈനീസ് സർക്കാരുമായുള്ള തർക്കങ്ങളെ തുടർന്ന് ആലിബാബയുടെ ഓഹരി വില തകർന്നതാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം കഴിഞ്ഞവർഷങ്ങളിൽ ചൂടിയിരുന്ന ജാക്ക് മായെ പിന്നോട്ട് തള്ളിയത്.