മലപ്പുറം: മൊബെെൽ ഫോണിൽ സംസാരിച്ചു കൊണ്ട് ഇരുചക്ര വാഹനമോടിച്ച യുവാവിനെ കേരള പൊലീസ് തടഞ്ഞു. പക്ഷേ ഏവരും കരുതുന്നതു പോലെ ഉദ്യോഗസ്ഥർ ചൂടായതുമില്ല വിരട്ടിയതുമില്ല. പകരം യുവാവിന് പറയാനുളളതു കേട്ടു എല്ലാം ചോദിച്ചറിഞ്ഞു. പിന്നാലെ മാതൃകാപരമായ ഇടപെടലും.
സഹോദരിയുടെ പ്രസവാനന്തരം അടിയന്തരമായി രക്തം എത്തിക്കുന്നതിനുളള പരിഭ്രാന്തിയിലായിരുന്നു യുവാവ്. അദ്ദേഹം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആവശ്യം അറിയിച്ചു. സംഗതിയുടെ ഗൗരവം മനസിലാക്കിയ ഉദ്യോഗസ്ഥർ പൊലീസ് വണ്ടിയിൽ നേരെ ബ്ലഡ് ബാങ്കിലേക്ക്. പെരിന്തൽമണ്ണയിൽ നിന്നും രക്തം എത്തിച്ചു നൽകിയിട്ടുണ്ടെന്നും നാളെ ഒരു യൂണിറ്റുകൂടെ വേണമെന്നും പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ വ്യക്തമാക്കി.
പ്രാദേശിക ചാനൽ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് ഇതിനോടകം നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.