cm-pinarayi-vijayan

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് താൻ ഏറ്റെടുത്തതിനെ തുടർന്ന് ഉയർന്ന എതിർപ്പുകളുടെ കാര്യത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പ് താൻ ഏറ്റെടുത്തത് ഏല്ലാവരും സ്വാഗതം ചെയ്ത കാര്യമാണെന്നും എതിർപ്പുകളൊന്നും താൻ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൊണ്ട് ഏതെങ്കിലുമൊരു കൂട്ടർക്ക് ആശങ്ക ഉണ്ടാകുമെന്ന് താൻ കരുതുന്നില്ല. എല്ലാവരുംഅതിനെ സ്വാഗതം ചെയ്യുന്ന നിലയാണ് പൊതുവേ ഉണ്ടായിട്ടുള്ളത്.

'മുസ്ലിം ലീഗ് അല്ലാലോ വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലിം ജനവിഭാഗത്തിന്റെ കാര്യം പറഞ്ഞാല് അവര് ന്യൂനപക്ഷവിഭാഗാണ്. ആ മുസ്ലിം ജനവിഭാഗത്തിന് എന്നിൽ വിശ്വാസമുണ്ട് എന്നുള്ളത്... ഈ ഗവൺമെന്റിൽ വിശ്വാസമുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാം. മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറവകാശം. അത് പേരിലേയുള്ളൂ. പേരില് മാത്രമേയുള്ളൂ.'-മുഖ്യമന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മുഖ്യമന്ത്രി.

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ ആർക്കും ആശങ്ക വേണ്ടെന്നും സഭാ നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ല താൻ വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിലുള്ള ഒരു ആലോചനയുടെ ഭാഗമായി വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് വന്നതാണ്. നാട്ടിലെ ന്യൂനപക്ഷ ക്ഷേമത്തിന്റെ കാര്യം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിന് മുഖ്യമന്ത്രി തന്നെ വകുപ്പ് കൈയ്യിൽ വയ്ക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം വന്നു. മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിലൊരു വലിയ പരാതി പ്രസ്തുത വകുപ്പിനെകുറിച്ച് ഉണ്ടായിട്ടില്ലെന്നും ആ വകുപ്പ് നല്ല നിലയ്ക്കാണ് കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കെടി ജലീലായിരുന്നു ആ വകുപ്പ് കൈകാര്യം ചെയ്തത്. അദ്ദേഹം അത് ഫലപ്രദമായി തന്നെ മുന്നോട്ട് നീക്കിയിരുന്നു. അത്തരത്തിലൊരു പരാതിയേ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു. സിറോ മലബാർ സഭയടക്കമുളള വിവിധ ക്രൈസ്തവ സഭകളുടെ സമ്മർദ്ദത്തിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന് വാർത്തകൾ വന്നിരുന്നു.

content details: cm pinarayi vjiayan reacts to criticism against him taking over the minorities welfare department cm lashes out at muslim league.