ബാഴ്സലോണ: സീസണിൽ കിരീട പ്രതീക്ഷ നഷ്ടപ്പെട്ട ബാഴ്സലോണയുടെ അവസാന മത്സരത്തിൽ നിന്ന് മെസി പിൻമാറി. എയ്ബറിനെതിരെ ഇന്ന് നടക്കുന്ന ലാലിഗയിലെ ഈ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ മെസി കളിക്കില്ലെന്ന് ബാഴ്സലോണ ക്ലബ് തന്നെയാണ് അറിയിച്ചത്.
അപ്രധാനമായ മത്സരത്തിൽ കളിക്കാൻ നിൽക്കാതെ അദ്ദേഹം ടീമിൽ നിന്ന് അവധി വാങ്ങി ജന്മനാടായ അർജന്റീനയിലേക്ക് മടങ്ങിയെന്നനാണ് റിപ്പോർട്ട്.
കോപ്പ അമേരിക്ക ടൂർണമെന്റ് മുൻ നിറുത്തി വിശ്രമത്തിനായാണ് മെസി നാട്ടിലേക്ക് മടങ്ങിയതെന്നാണ് വിവരം. അതേസമയം മെസിയുടെ മടക്കത്തോടെ അദ്ദേഹത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വാർത്തകൾ പിന്നേയും തലപൊക്കി. ഈ സീസണോടെ മെസിയും ബാഴ്സയുമായുള്ള കരാർ അവസാനിക്കും. കരാർ പുതുക്കുന്നത് സംബന്ധിച്ച നീക്കങ്ങളൊന്നും നടക്കാത്ത സാഹചര്യത്തിൽ മെസി അടുത്ത സീസണിൽ ടീമിലുണ്ടാകുമോയെന്നാണ് ബാഴ്സ ആരാധകരുടെ ആധി.
കഴിഞ്ഞ സീസണു പിന്നാലെ ക്ലബ് വിടാനൊരുങ്ങിയ മെസി സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഈ സീസൺ കൂടി ടീമിൽ തുടരുകയായിരുന്നു.അതേസമയം ബാഴ്സ മാനേജ്മെന്റിൽ മാറ്റമുണ്ടായത് താരത്തിന്റെ മനംമാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.