m-k-stalin

ചെന്നെെ: തൂത്തുക്കുടി വെടിവയ്പ്പിലെ ഇരകളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകി തമിഴ്നാട്. പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ബന്ധുക്കൾക്കുളള നിയമന ഉത്തരവുകൾ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൈമാറി. വിദ്യാഭ്യാസ യോ​ഗ്യത അടിസ്ഥാനമാക്കിയാണ് ഇവരെ സർക്കാർ വകുപ്പുകളിൽ നിയമിച്ചിരിക്കുന്നത്.

ഇവരിൽ 16 പേർക്ക് ജൂനിയർ അസിസ്റ്റന്റുമാരായും ഒരാൾക്ക് ജീപ്പ് ഡ്രൈവറായും നിയമനം ലഭിച്ചു. ഇവർ തൂത്തുകുടി ജില്ലയിലെ റവന്യു, ഗ്രാമവികസന വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കും. മന്ത്രിമാരായ പി.ടി.ആർ ത്യാഗരാജൻ, മൂർത്തി, കെ.ആർ. പെരിയ കറുപ്പൻ, തൂത്തുകുടി എംപി കനിമൊഴി, ജില്ലാ കളക്ടര്‍ അനീഷ് ശേഖര്‍ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

2018 മേയ് 22 നാണ് തൂത്തുക്കുടിയിൽ പൊലീസ് വെടിവയ്പ്പുണ്ടായത്. വേദാന്ത കമ്പനിയുടെ ചെമ്പ് സംസ്കരണ ഫാക്ടറിയിലെ മലിനീകരണത്തിനെതിരെ സമരം ചെയ്തവർക്ക് നേരെ ഉണ്ടായ വടിവയ്പ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധിപേർക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.