ravichandran-c

മരണകിടക്കയിലെ രോഗിക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്ത ഡോ. രേഖ കൃഷ്ണനെതിരെ രംഗത്തുവന്ന്ര യുക്തിവാദിയായ രവിചന്ദ്രന്‍ സി. രോഗി ആവശ്യപെടാതെയാണ് ഡോക്ടർ ഇങ്ങനെ ചെയ്തതെന്ന് പറയുന്ന രവിചന്ദ്രൻ ഇത് 'അണ്‍എത്തിക്കല്‍ ആന്‍ഡ് അണ്‍പ്രൊഫഷണല്‍' ആണെന്നും തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറയുന്നു. ഡോക്ടറുടെ പ്രവർത്തി യാതൊരു മഹിമയും അവകാശപ്പെടാനില്ലാത്ത കാര്യമാണെന്നും രവിചന്ദ്രൻ പറയുന്നുണ്ട്. ഈ കാര്യവുമായി ബന്ധപ്പെട്ട് തന്റെ കമന്റ് ബോക്സ് വഴി രവിചന്ദ്രൻ മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പട്ടാമ്പി സേവന ആശുപത്രിയിലെ ഫിസിഷ്യനായ രേഖ കൃഷ്ണന്‍ ന്യൂമോണിയ ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗി മരണത്തെ മുഖാമുഖം കണ്ട സമയത്ത് വിശ്വാസ പ്രകാരമുള്ള കലിമ ചൊല്ലാന്‍ രേഖ സഹായിച്ചുവെന്ന് വാര്‍ത്തകൾ വന്നിരുന്നു. മരണത്തിന്റെ സമയത്താണ് ബന്ധുക്കളാരും സമീപമില്ലാതിരുന്ന രോഗിക്ക് കലിമ ചൊല്ലിക്കൊടുത്തത്. മരണസമയത്ത് കലിമ ചൊല്ലുന്നത് സ്വര്‍ഗ പ്രവേശനം എളുപ്പമാകുമെന്നാണ് ഇസ്ലാം മതം പറയുന്നത്.

കുറിപ്പ് ചുവടെ:

'അവസാനത്തെ ബീഡി

(Ravichandran C)

പുതിയൊരു ആഘോഷം. വാര്‍ത്ത ശരിയെങ്കില്‍ ഈ ഫിസിഷ്യന്‍ ചെയ്തത് വിശേഷിച്ച് യാതൊരു മഹിമയും അവകാശപെടാനില്ലാത്ത കാര്യം തന്നെയാണ്. അന്ധവിശ്വാസിയായ ഒരാള്‍ക്ക് മാത്രമേ ഇതും പൊലിപ്പിച്ച് നടക്കാനാവൂ. സത്യത്തില്‍ മതേതര ബോധത്തെക്കാള്‍ മത സ്വത്വങ്ങളുടെ കഴമ്പില്ലായ്മയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. സംഗതി അടിപൊളിയാണ്!

മരിക്കുന്നതിന് മുമ്പ് ഒരു വിശ്വാസി 'സ്വര്‍ഗ്ഗം'പ്രതീക്ഷിച്ച് വേറൊരാളെകൊണ്ട് മത പാസ്‌വേര്‍ഡ് പറയിപ്പിക്കുന്നു, മരിക്കുന്നു. അറബി മാത്രം അറിയുന്നു ഒരു Extra Terrestrial ദൈവം ഇതൊക്കെ റെക്കോഡ് ചെയ്തു കേള്‍ക്കുന്നു, മരിച്ചയാളിന്റെ അക്കൗണ്ടില്‍ വരവ് വെക്കുന്നു. വേറെ ലെവല്‍ അന്ധവിശ്വാസങ്ങള്‍ ചുമന്നു നടക്കുന്ന വ്യക്തി(അമുസ്ലിം/കാഫിര്‍) പാസ് വേര്‍ഡ് അടിച്ചുകൊടുത്തിനാലും അറബിദൈവത്തിന് ഫിംഗര്‍പ്രിന്റ് സെക്കുരിറ്റി കോഡുള്ളതിനാലും പാസ് വേര്‍ഡ് എന്‍ട്രി ഇന്‍വാലിഡ് ആകാനാണ് സര്‍വ സാധ്യതയും.

അതെന്തുമാകട്ടെ, ആ സമയത്ത് ഫിസിഷ്യന്‍ ചെയ്ത കാര്യം പ്രായോഗികമായി നീതികരിക്കപ്പെടേണ്ടതാണ്. കാരണം അതൊരു 'വൈകാരികശരി'യാണ്. പുകവലി കാരണം ശ്വാസകോശം ദ്രാവിഡായി ഊര്‍ദ്ധശ്വാസം വലിക്കുന്ന ഒരാള്‍ അന്ത്യാഭിലാഷമായി ഒരു ബീഡി ചോദിച്ചാല്‍ വേറെയൊന്നും കിട്ടിയില്ലെങ്കില്‍ അവിടെ കിടക്കുന്ന കടലാസെങ്കിലും ചുരുട്ടി കത്തിച്ച് ടിയാന്റെ ചുണ്ടില്‍ വെച്ചു കൊടുക്കണം.

മരണാസന്ന രോഗിക്ക് തന്റെ അന്ധവിശ്വാസം, അതെന്തു ഡിങ്കോലാഫിയോ ആയിക്കോട്ടെ, നിയമവിധേയമായ കാര്യമാണെങ്കില്‍, സാധ്യമാണെങ്കില്‍ ചെയ്തു കൊടുക്കുന്നതില്‍ തെറ്റുകാണാനാവില്ല. അന്യന്റെ വേദന കുറയ്ക്കുന്നതിലും സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിലും വിശ്വസിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, സ്ഥലത്ത് വേറെയാരുമില്ലെങ്കില്‍ നിങ്ങളത് ചെയ്യുക തന്നെ വേണം. At least, you are giving them an iota of relief, reducing their pain a bit. That is humanism is all about. അതാണ് മാനവികവും യുക്തിസഹവുമായ കാര്യം. അല്ലാതെ ചാകാന്‍ പോകുന്ന ആളിനെ ലൈവായി ഉദ്ധരിക്കാന്‍ കാണ്ഡംകാണ്ഡമായി വിശദീകരിക്കാന്‍ ശ്രമിക്കുന്നത് ഡാഷ് പരിപാടിയാണ്.'

കമന്റ് ബോക്സിലെ കുറിപ്പ്:

'ഞാന്‍ ഈ പോസ്റ്റിട്ട സമയത്ത് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ മാത്രമേ കണ്ടിരുന്നുള്ളൂ. ഇവിടെ കമന്റ് ബോക്‌സില്‍ പലരും ബന്ധപെട്ട വ്യക്തിയുടെ ഒരു അഭിമുഖ വീഡിയോ ഇട്ടത് കണ്ടു. വീഡിയോയില്‍ നിന്ന് മനസ്സിലാക്കാനായത് (തെറ്റുണ്ടെങ്കില്‍ തിരുത്താം) ഇതാണ്: മരിക്കാന്‍ പോകുന്ന രോഗി 20 മിനിറ്റ് വെന്റിലേറ്ററിന് പുറത്ത് മരണം കാത്തുകിടന്നു.

അപ്പോള്‍ രോഗിയുടെ അഭ്യര്‍ത്ഥനയോ ആവശ്യപെടലോ ഇല്ലാതെ തന്നെ ഫിസിഷ്യന്‍ തനിക്ക് പരിചിതമായ അന്ധവിശ്വാസധാരണകള്‍ അനുസരിച്ച് അവരോട് എന്തോ പറയുകയും അവര്‍ അതനുസരിച്ച് സവിശേഷരീതിയില്‍ ശ്വാസം വിട്ടെന്ന് സങ്കല്‍പ്പിക്കുകയും ചെയ്യുന്നു. പുറത്തുള്ള ബന്ധുക്കള്‍ ആവശ്യപെട്ടിട്ടാണോ അങ്ങനെ ചെയ്തതെന്നു വ്യക്തമല്ല. രണ്ടായാലും രോഗി ആവശ്യപെടാതെ ഇങ്ങനെയൊരു കാര്യം ചെയ്തത് ഡോക്ടറെന്ന നിലയില്‍ unethical and unprofessional ആണെന്നതില്‍ സംശയമില്ല.'

content highlights: atheist ravichandran c against doctor who recited shahadath kalima to dying patient.