തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ചില സമുദായങ്ങള്‍ ഒരുവകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാവില്ല എന്ന നിലപാട് ശരിയല്ല. ഇത് സമുദായത്തെത്തന്നെ അപമാനിക്കുന്ന നടപടിയാണ്. വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശം എന്നുപറഞ്ഞിട്ട് കാര്യമില്ല. ഏത് വകുപ്പ് കൊടുക്കുന്നു എന്നതല്ല, കൊടുത്തിട്ട് തിരിച്ചെടുക്കുന്നതാണ് അപമാനിക്കലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമുദായം പറഞ്ഞ് ഈ വിഷയം ചർച്ച ചെയ്യേണ്ട കാര്യമില്ല. സമുദായം പറയാനുളള ഇടം സർക്കാർ കൊടുക്കരുത്. ഒരു സമുദായം പറ്റും ഒരു സമുദായം പറ്റില്ല എന്നല്ലെ കേരളത്തിൽ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അത് മോശമാണ്. ഇതുമായി ബന്ധപ്പെട്ട സമുദായത്തെ വിശ്വാസമില്ല എന്ന പ്രതീതിജനിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ആരെയും അപമാനിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് വകുപ്പ് താൻ ഏറ്റെടുത്തത് ഏല്ലാവരും സ്വാഗതം ചെയ്ത കാര്യമാണെന്ന് നേരത്തെ പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഒരു വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൊണ്ട് ഏതെങ്കിലുമൊരു കൂട്ടർക്ക് ആശങ്ക ഉണ്ടാകുമെന്ന് കരുതുന്നില്ല. എല്ലാവരും അതിനെ സ്വാഗതം ചെയ്യുന്ന നിലയാണ് പൊതുവേ ഉണ്ടായിട്ടുള്ളത്. മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറവകാശം. അത് പേരിലേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.