ml

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ ഉടൻ തിരഞ്ഞെടുക്കേണ്ടെന്ന് ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനം. ജനറൽ സെക്രട്ടറി സ്ഥാനത്തിനായി തർക്കം രൂക്ഷമാണെന്ന പ്രചാരണം പാർട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ ,ഇന്നലെ വൈകിട്ട് പാണക്കാട്ട് അടിയന്തര യോഗം ചേർ‌ന്നാണ് ഈ തീരുമാനമെടുത്തത്.

ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.എ മജീദ് എം.എൽ.എയായതോടെ, താത്കാലിക ചുമതല പി.എം.എ .സലാമിനാണ്. മജീദിനായി തിരൂരങ്ങാടിയിൽ തഴയപ്പെട്ടതോടെ പ്രതിഷേധം തണുപ്പിക്കാനായിരുന്നു ഈ സ്ഥാന കൈമാറ്റം. സംസ്ഥാന ജനറൽ സെക്രട്ടറിയാവാൻ കുഞ്ഞാലിക്കുട്ടി ചരട് വലിക്കുന്നതാണ് ലീഗിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. നിലവിൽ ദേശീയ ജനറൽ സെക്രട്ടറിയാണ്. ഈ സ്ഥാനം ഇ.ടി.മുഹമ്മദ് ബഷീറിന് നൽകി രണ്ട് പതിറ്റാണ്ടിലധികം കൈകാര്യം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. പാർട്ടിയുടെ കടിഞ്ഞാൺ സ്ഥാനമാണിത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കുഞ്ഞാലിക്കുട്ടിക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അണികളിൽ നിന്നടക്കം ഉയർന്ന പ്രതിഷേധം ഇതോടെ കനത്തിട്ടുണ്ട്. പുതിയൊരാളെ ജനറൽ സെക്രട്ടറിയാക്കണമെന്നും യുവതലമുറയ്ക്ക് കൈമാറണമെന്നുമുള്ള ആവശ്യവും ലീഗിൽ ശക്തമാണ്.

കൊവിഡ് വ്യാപനം കുറഞ്ഞാൽ മേയ് അവസാനമോ ജൂൺ ആദ്യമോ സംസ്ഥാന ഭാരവാഹികളുടെ യോഗം ചേ‌ർന്ന് അഭിപ്രായം തേടും. മെമ്പർഷിപ്പ് കാമ്പയിന് ശേഷം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തണമെന്ന വികാരവും നേതൃത്വത്തിനുണ്ട്. ലീഗിനുള്ളിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്ന് യോഗ ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് പി.എം.എ സലാം പറ‌ഞ്ഞു. സാമൂഹ്യമാദ്ധ്യമങ്ങളിൽ വരുന്നത് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്. നേതാക്കളോ അണികളോ ഇതിൽ ഭാഗഭാക്കായാൽ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. .