തൃശൂര്‍: ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി ആര്‍.ബിന്ദുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പേരിനൊപ്പം പ്രൊഫസർ എന്ന ചേർത്തതിനെതിരെ വിമർശനവുമായി ബി.ജെ.പി. സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ബിന്ദു എന്നാണ് സത്യപ്രതിജ്ഞയില്‍ പേര് പറഞ്ഞത്. അവര്‍ യു.ജി.സി. നിയമമനുസരിച്ച് പ്രൊഫസറല്ല എന്നാണ് ഗോപാലകഷ്ണന്റെ ആരോപണം.. ബാക്കി ആളുകള്‍ക്ക് അറിയില്ലെങ്കിലും ഇക്കാര്യം മന്ത്രിക്ക് അറിവുള്ളതാണല്ലോ. മന്ത്രിക്ക് തുടക്കത്താല്‍ നാവുപിഴ എന്ന് തോന്നാന്‍ വഴിയില്ല. കാരണം എഴുതി വായിക്കുകയാണല്ലോ. നേരത്തെ എഴുതി കൊടുത്താല്‍ മാത്രമാണ് വായിക്കാന്‍ കഴിയുകയെന്ന് ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്‌ക്കോ മന്ത്രിക്കോ യു.ജി.സി. ഇളവ് കൊടുത്തതായി ഇതുവരെ അറിവില്ലെന്നും അദ്ദേഹം പറയുന്നു. പിന്നെ എങ്ങിനെ പ്രൊഫസര്‍ ബിന്ദു എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്യും. സാധാരണ നാട്ടുംപുറത്ത് സംസാരിക്കുന്ന പോലെയാണൊ ഭരണഘടനപരമായ പദവി വഹിക്കാന്‍ വേണ്ടി നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ്. കളവ് പറഞ്ഞെന്ന് പറയുന്നില്ല. പക്ഷെ കളവാണ് ആ വിളി. യു.ജി.സി. നിയമം അനുസരിച്ച് യൂണിവേഴ്‌സിറ്റി ഹെഡ്ഡുകളാണ് പ്രൊഫസര്‍ തസ്തികയില്‍. ബാക്കി എല്ലാവരും അസോസിയേറ്റ് മാത്രമാണ്. ലക്ചറര്‍ എന്നും വിളിക്കാം. ഇത് മന്ത്രിക്ക് അറിയാം. ഗമകൂട്ടാന്‍ പ്രാഫസര്‍ എന്ന് പറയിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പക്ഷെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അത് പക്ഷെ ഗവര്‍ണറെ കൊണ്ട് കളവ് വിളിപ്പിക്കണമായിരുന്നോ എന്ന ചോദ്യം ഗൗരവമാണ്. വാസ്തവത്തില്‍ ശരിയായ പേരില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടത്. അല്ലങ്കില്‍ മന്ത്രി വിശദീകരണം തരണം. വേറുതെ ഒന്ന് ചോദിക്കുകയാണ്, ബിന്ദു ടീച്ചര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണല്ലൊ അല്ലേ? ഒന്ന് ഓര്‍മ്മപ്പെടുത്തിയതാണ്. കാരണം ടീച്ചറെ കണ്ടാണ് കുട്ടികള്‍ വളരുന്നത്. ഗമകൂട്ടാന്‍ കളവ് പറയരുതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.