തിരുവനന്തപുരം: വാക്സിൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ. മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ ആഗോള ടെണ്ടർ വിളിച്ച് സംസ്ഥാന സർക്കാരിന്റെ നിർണായക നടപടി.. ടെണ്ടർ ഇതിനോടകം നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ജൂൺ അഞ്ചിന് ടെണ്ടർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികൾ മത്സരരംഗത്തുണ്ടെന്ന് വ്യക്തമാവും. സംസ്ഥാന സർക്കാരിന് വേണ്ടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിൽ നിന്നും ആവശ്യമായ വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിലാണ് വാക്സിന് വേണ്ടി പുതിയ വഴികൾ കേരളം തേടാൻ ആരംഭിച്ചത്. വൻതോതിൽ ഡോസ് വാങ്ങുമ്പോൾ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നും വാക്സിൻ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നാണ് നിഗമനം..ആഗോളടെണ്ടർ വിളിച്ച് വാക്സിൻ വാങ്ങാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.