താൻ പാടിയ ഗാനത്തോടുള്ള നടൻ മോഹൻലാലിന്റെ പ്രതികരണം സോഷ്യൽ മീഡിയ വഴി പങ്കുവച്ച് കവിയും ഗാനരചയിതാവുമായ ഒ എൻ വി കുറുപ്പിന്റെ ചെറുമകളും ഗായികയുമായ അപർണ രാജീവ്. മോഹൻലാൽ നായകനായി എത്തിയ പ്രിയദർശൻ ചിത്രം 'കാലാപാനി'യിലെ 'ആറ്റിറമ്പിലെ കൊമ്പിലെ' എന്ന് തുടങ്ങുന്ന ഗാനമാണ് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ അപർണ അദ്ദേഹത്തിനായി ആലപിച്ചത്.
ഇതിനു പിന്നാലെയാണ് മോഹൻലാൽ തന്റെ ഗാനത്തെക്കുറിച്ച് വാട്സാപ്പ് മെസേജിലൂടെ പറഞ്ഞ അഭിപ്രായത്തിന്റെ സ്ക്രീൻഷോട്ട് ഗായിക പങ്കുവച്ചത്. നടൻ നന്ദുവാണ് താൻ പാടുന്നതിന്റെ വീഡിയോ മോഹൻലാലിന് അയച്ചുനൽകിയതെന്നും ഗായിക തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ പറയുന്നുണ്ട്.
'അപർണയുടെ ഗാനം കേട്ടുവെന്ന് കരുതുന്നു'- എന്ന മെസേജിനോട് 'ഞാൻ കേട്ടു...അമേസിംഗ്...എന്റെ കൂടെ എവിടെയോ പാടി'-എന്ന് മോഹൻലാൽ ഉത്തരം നൽകിയിരിക്കുന്നതാണ് സ്ക്രീൻഷോട്ടിൽ കാണുന്നത്. 15 വർഷങ്ങൾക്ക് മുമ്പ് തന്റെ കൂടെ ഒരു സ്റ്റേജ് ഷോയിൽ ഗാനം ആലപിച്ചത് നടൻ ഇന്നും ഓർത്തിരിക്കുന്നതിൽ അപർണ രാജീവ് തന്റെ നന്ദി അറിയിക്കുന്നുമുണ്ട്.
content highlights: singer aparna rajeev about mohanlals feedback to her singing.