തിരുവനന്തപുരം: കോൺഗ്രസിനെ വിമർശിച്ച് ലീഗ് മുഖപത്രം. കോൺഗ്രസിന്റെ സംഘടനാ രീതിയിൽ മാറ്റം വേണമെന്നാണ് ചന്ദ്രികയിലെ ലേഖനത്തിൽ ലീഗ് ആവശ്യപ്പെടുന്നത്. പാർട്ടിയുടെ നേതൃത്വം പുതുനിരയെ ഏൽപിക്കണമെന്നാണ് ലീഗിന്റെ പ്രധാന ആവശ്യം.
പിണറായി ഭരണം പിടിച്ചത് പുതുമുഖങ്ങളെ നിരത്തിയാണ്.അതുപോലെ കോൺഗ്രസ് നേതൃത്വത്തിലും പുതുനിര വേണം. തുറന്ന ആശയ വിനിമയ രീതി വേണമെന്നും ലീഗ് ആവശ്യപ്പെടുന്നു.കോണ്‍ഗ്രസിന്റെ ഉയര്‍ച്ചയും നിലനില്‍പും മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നുവെന്നും, അനിശ്ചിതത്വത്തിന്റെ വില എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ തലമുറമാറ്റം വേണമെന്ന് യുവ നേതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നൂറ് കണക്കിന് മെയിലുകളാണ് എഐസിസിയ്ക്ക് ലഭിച്ചത്. തലമുറമാറ്റം ഉണ്ടാവട്ടെയെന്ന് കെ. മുരളീധരൻ എംപിയും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവായി തുടരുന്നതാണ് നല്ലതെന്ന വാദവുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ ചെന്നിത്തലയ്ക്കാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന ക്യാംപ് അവകാശവാദമുന്നയിക്കുന്നത്.