ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് ഉണ്ടാകുമ്പോഴും രോഗമുക്തി നേടിയവരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത് ആശങ്ക പരത്തുന്നതാണ്. ഇപ്പോഴിതാ പുതിയ ഭീഷണിയായി വൈറ്റ് ഫംഗസ് ബാധയും കൊവിഡ് രോഗമുക്തരിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനെക്കാൾ കൂടുതൽ അപകടകാരിയാണ് വൈറ്റ് ഫംഗസ് എന്നാണ് കണ്ടെത്തൽ. വ്യാഴാഴ്ചയാണ് ഇന്ത്യയിൽ വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തത്. ബിഹാറിൽ 4 പേർക്കാണ് വൈറ്റ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.പി യിലെ മൗവിൽ ഒരാളിലും പുതിയ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു.
എന്താണ് വൈറ്റ് ഫംഗസ്?
ബ്ളാക്ക് ഫംഗസ് ബാധിതരിൽ കാണുന്ന മ്യൂക്കോർമൈകോസിസ് അണുബാധ തന്നെയാണ് വൈറ്റ് ഫംഗസ് ബാധിതരിലും കാണപ്പെടുന്നത്. കൊവിഡ് രോഗബാധയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഈ ഫംഗസ് ബാധയും കാണിക്കുന്നത്. വൈറ്റ് ഫംഗസ് ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പിന്നീട് മറ്റ് അവയവങ്ങളിലേക്ക് ഇത് പെട്ടെന്ന് പടരും. ത്വക്ക്, ആമാശയം, വൃക്ക, തലച്ചോർ, സ്വകാര്യഭാഗങ്ങൾ, വായ, നഖം എന്നീ ശരീരഭാഗങ്ങളെ വൈറ്റ് ഫംഗസ് ഗുരുതരമായി ബാധിക്കും. ശ്വാസതടസ്സം, പനി, ജലദോഷം, രുചി, മണം, എന്നിവ നഷ്ടപ്പെടുക തുടങ്ങിയവയാണ് വൈറ്റ് ഫംഗസിന്റെ ലക്ഷണങ്ങൾ. വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചവരെ ആദ്യഘട്ടത്തിൽ കൊവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിരുന്നെങ്കിലും പരിശോധനയിൽ കൊവിഡ് ബാധ കണ്ടെത്തിയിരുന്നില്ല.
അതേസമയം, മൂക്കിൽ നിന്ന് കറുത്ത നിറത്തിലോ രക്തം കലർന്നതോ ആയ സ്രവം വരിക, മൂക്ക് അടഞ്ഞതായി തോന്നുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, വീക്കം എന്നിവ ഉണ്ടാവുക, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവിടങ്ങിൽ നിറവ്യത്യാസം, കണ്ണിൽ രക്തം കട്ടിയായി കിടക്കുക, തുടർച്ചയായ തലവേദന, നെഞ്ചുവേദന, പല്ലുവേദന, പല്ല് കൊഴിയൽ, മങ്ങിയ കാഴ്ച, കണ്ണിന് ചുറ്റും നീര്, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ.
പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗസാദ്ധ്യത കൂടുതൽ
രോഗ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയിലാണ് ബ്ളാക്ക് ഫംഗസും വൈറ്റ് ഫംഗസും ശരീരത്തെ ബാധിക്കുന്നത്. കൊവിഡ് മൂലം രോഗ പ്രതിരോധശേഷി കുറയുന്ന അവസ്ഥയിലാണ് അണുബാധ പ്രമേഹ രോഗികൾ, എയിഡ്സ് രോഗികൾ, ഹൃദ്രോഗികൾ, കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവരിലാണ് ഫംഗസ് ബാധയുണ്ടാകാനുള്ള സാദ്ധ്യത കൂടുതൽ. ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അശ്രദ്ധ കാരണവും ഈ ഫംഗസ് ബാധയുണ്ടാകാം. സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നവരിലും രോഗമുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്.
പരിഹാരങ്ങൾ
പ്രതിരോധ ശേഷിയും ശുചിത്വവും നിലനിറുത്തേണ്ടത് അനിവാര്യമാണ്. വൃത്തിഹീനമായ ജലസ്രോതസ്സുകളിൽ നിന്ന് വൈറ്റ് ഫംഗസ് ബാധയ്ക്കുള്ള സാദ്ധ്യതയേറെയാണ്. രോഗം ബാധിക്കാൻ സാദ്ധ്യതയുള്ളവർ രണ്ട് ഫംഗസുകളുടെ കാര്യത്തിലും കൂടുതൽ കരുതലെടുക്കണം. ഓക്സിജൻ സിലിണ്ടറുകളുടെ പിന്തുണയോടെ ചികിത്സയിലുള്ളർ കൂടുതൽ ശ്രദ്ധിക്കണം.
ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരി
വൈറ്റ് ഫംഗസ് രോഗബാധ ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയാണെന്ന് പാറ്റ്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെെക്രോബയോളജി വിഭാഗം മേധാവി ഡോ. എസ്.എൻ. സിംഗ് പറഞ്ഞു. ശ്വാസകോശത്തെ കൊവിഡ് ബാധിക്കുന്നതിനു സമാനമായ രീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് സി.ടി സ്‌കാനായ ഹൈ റെസൊല്യൂഷൻ കംപ്യൂട്ടഡ്ടോമോഗ്രഫി (എച്ച്.ആർ.സി.ടി) പരിശോധനയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പരിശോധനയ്ക്ക് ശേഷം ഫംഗസിനെതിരായ മരുന്നുകൾ നൽകിയപ്പോൾ രോഗം ഭേദമായതായും ഡോ. സിംഗ് പറഞ്ഞു.
നിലവിലെ വൈറ്റ് ഫംഗസ് ചികിത്സ
വൈറ്റ് ഫംഗസ് ബാധിച്ച രോഗികൾക്ക് ചികിത്സിക്കാൻ ആന്റി ഫംഗസ് മരുന്നുകൾ ഉപയോഗിക്കാം. രോഗികളിൽ ഗുരുതരമായ അണുബാധകൾ കാസ്പോ ഫംഗിൻ അല്ലെങ്കിൽ മൈക്കാ ഫംഗിൻ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. കൂടാതെ, വെന്റിലേറ്ററുകളുടെ/ ഓക്സിജൻ സിലിണ്ടറുകളുടെ ശരിയായ ശുചിത്വവൽക്കരണത്തിലൂടെയും രോഗികളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ കൃത്യമായി പരിപാലിക്കുന്നതിലൂടെയും വൈറ്റ് ഫംഗസ് തടയാൻ കഴിയും.
ബ്ലാക്ക് ഫംഗസ് അണുബാധ വർദ്ധിക്കുന്നു
ബ്ലാക്ക് ഫംഗസ് അണുബാധ ഇന്ത്യയിൽ വർദ്ധിച്ചുവരികയാണ്. ഇതുവരെ 7,000 ത്തിലധികം ആളുകൾക്ക് ഈ രോഗം ബാധിക്കുകയും 200 ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ബ്ളാക്ക് ഫംഗസ് എന്ന് അറിയപ്പെടുന്ന മുകോർമൈക്കോസിസ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് കേസുകളുടെ എണ്ണത്തിൽ കുത്തനേ വർദ്ധനയുണ്ടായി. തെലങ്കാന, ഒഡിഷ, കർണാടക, തമിഴ്‌നാട്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ ഇതിനകം തന്നെ ബ്ളാക്ക് ഫംഗസ് പകച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.