behra

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ പൊലീസ് വകുപ്പിൽ വരുന്നത് അടിമുടി മാറ്റം. രണ്ടാം ഊഴത്തില്‍ മുഖ്യമന്ത്രിയ്‌ക്ക് പൊലീസ് ഉപദേഷ്‌ടാവ് വേണമോയെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം സ്വീകരിക്കട്ടെയെന്നാണ് പാർട്ടി നിലപാട്.

കഴിഞ്ഞതവണ രമൺശ്രീവാസ്‌തവയുടെ പൊലീസ് ഉപദേഷ്‌ടാവായുളള നിയമനം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിച്ചില്ലങ്കില്‍ വിരമിച്ച ശേഷം ബെഹ്റ ഉപദേഷ്‌ടാവാകുമെന്ന അഭ്യൂഹം സി പി എമ്മിനുളളിൽ ശക്തമാണ്. സി ബി ഐ ഡയറക്‌ടർ സ്ഥാനത്തേക്ക് ബെഹ്റക്ക് നറുക്ക് വീഴുമോയെന്ന കാര്യത്തിൽ ഈയാഴ്‌ച തന്നെ തീരുമാനമുണ്ടാകും. ഇതിനുശേഷമായിരിക്കും തുടർനടപടികൾ.

ലോക്‌നാഥ് ബെഹ്റ അടുത്തമാസം വിരമിക്കുന്ന ഒഴിവിൽ പുതിയ പൊലീസ് മേധാവിയെ കണ്ടെത്തുകയെന്നതും പിണറായി വിജയന് മേലുളള വെല്ലുവിളിയാണ്. പിണറായിയുടെ വിശ്വസ്‌തന്‍ എന്നറിയപ്പെടുന്ന ടോമിന്‍ തച്ചങ്കരിയും വിജിലന്‍സ് ഡയറക്‌ടറായ സുധേഷ്‌ കുമാറും തലപ്പത്തെത്താന്‍ വാശിയേറിയ പോരാട്ടം നടത്തുമ്പോള്‍ ആരെ ഒപ്പം നിര്‍ത്തുമെന്നതാണ് ആകാംക്ഷ.

മേധാവിയായി ആര് വന്നാലും അതോടെ പൊലീസ് സേനയെയാകെ അഴിച്ചുപണിയും. അങ്ങനെ ഒന്ന് രണ്ട് മാസത്തിനുള്ളില്‍ പൊലീസില്‍ സമ്പൂര്‍ണമാറ്റമുണ്ടാവും. ആദ്യഭരണത്തില്‍ ധൂര്‍ത്തെന്ന ആക്ഷേപത്തിനിടയാക്കിയ ഹെലികോപ്‌റ്ററാണ് പൊലീസ് വകുപ്പിൽ തീരുമാനം കാത്തിരിക്കുന്ന മറ്റൊരു പ്രധാനകാര്യം. വാടകകാലാവധി കഴിഞ്ഞതിനാല്‍ കോടികളുടെ ചെലവില്‍ ഹെലികോപ്‌ടര്‍ തുടരുമോയെന്നാണ് കണ്ടറിയേണ്ടത്.