covid

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവർ 2,57,299 ആണ്. വെള‌ളിയാഴ്‌ച ഇത് 2,59,551 ആയിരുന്നു. എന്നാൽ മരണനിരക്ക് നാലായിരത്തിന് മുകളിൽ തന്നെയാണ്. 4194 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണമടഞ്ഞവർ 2,95,525 ആയി.

ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 2.62 കോടിയാണ്. ഇന്ന് കൊവിഡ് മുക്തി നിരക്കിൽ ആശ്വാസമുണ്ട്. 3,57,630 പേർ രോഗമുക്തി നേടി. ഇതോടെ ആകെ 2.30 കോടി ആളുകൾ രോഗമുക്തി നേടി. സംസ്ഥാനങ്ങളുടെ കണക്ക് നോക്കിയാൽ ആകെ 57.77 ശതമാനം കേസുകളും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവയിൽ ഭൂരിഭാഗവും കേരളമുൾപ്പടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്.

ഏറ്റവുമധികം പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്‌തതിൽ 14.06 ശതമാനം രോഗികളും തമിഴ്‌നാട്ടിലാണ്. ഇവിടെ 24 മണിക്കൂറിനിടെ 36,184 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. രണ്ടാമത് കർണാടകയാണ്. 32,218 കേസുകൾ. പിന്നിലായി കേരളം 29,673. മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തത് 29,644 ആണ്. ആന്ധ്രാ പ്രദേശിൽ 20,937.

രാജ്യത്ത് 24 മണിക്കൂറിനിടെ 20.66 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെയുള‌ളതിൽ റെക്കാ‌ഡ് കണക്കാണിത്.രാജ്യത്തെ ആക്‌ടീവ് കേസ് ലോഡ് 30 ലക്ഷത്തിന് തൊട്ടടുത്തെത്തി. 29.33 ലക്ഷമാണ് കണക്ക്. പ്രതിദിന മരണനിരക്കിൽ മുന്നിൽ മഹാരാഷ്‌ട്രയാണ്-1263. പിന്നിലായി തമിഴ്നാടുമുണ്ട്. ഇവിടെ 467 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. പ്രതിദിന രോഗികളിൽ 30000ന് മുകളിലുള‌ളത് തമിഴ്‌നാടും കർണാടകയും മാത്രമാണ്.