satheesan

തിരുവനന്തപുരം: വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. അവസാന നിമിഷം വരെ തുടർന്ന സമ്മർദങ്ങൾക്ക് ഒടുവിലായിരുന്നു സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. സംഘടന ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സതീശനെ പിന്തുണയ്‌ക്കുകയായിരുന്നു.

സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ച കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനനേതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തോട് ലീഗും പരോക്ഷ പിന്തുണയറിയിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്. എന്നാൽ ഉമ്മൻചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും നേരിട്ട്, കാര്യങ്ങൾ വിശദീകരിച്ച് സാഹചര്യം ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്‍റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന.

അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാൻഡിനോട് പറഞ്ഞത്.

ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഇടതുമുന്നണി മൊത്തത്തിൽ പുതുമുഖങ്ങളുമായി രണ്ടാം സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാർട്ടിയിലെ യുവനേതാക്കൾ രാഹുൽ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇങ്ങനെ പോയാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കൾ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുളള ചർച്ചയിൽ രാഹുലും സ്വീകരിച്ചത്.