sachin

ന്യൂഡൽഹി: 2008 ലെ ടീം ഇന്ത്യയുടെ കോമൺവെൽത്ത് ബാങ്ക് ക്രിക്കറ്റ് പരമ്പര പിടിക്കാൻ സച്ചിൻ ടെണ്ടുൽക്കർ സഹിച്ച വേദനകളെക്കുറിച്ചു വെളിപ്പെടുത്തി റോബിൻ ഉത്തപ്പ. പരമ്പരയിൽ സച്ചിൻ വളരെയേറെ വേദന സഹിച്ചാണു കളിച്ചതെന്ന് അദ്ദേഹം പറയുന്നു.

പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. അദ്ദേഹത്തിന് അപ്പോൾ ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നു ഞങ്ങൾ ചോദിച്ചപ്പോഴെല്ലാം കുഴപ്പമില്ലെന്നാണ് സച്ചിൻ പറഞ്ഞിരുന്നത്. ടീമിന്റെ ആവശ്യത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. വേദനയോടെ സച്ചിൻ കളിച്ചു.

32 വയസൊക്കെ കഴിഞ്ഞാൽ ഫിറ്റ് ആയിരിക്കുകയെന്നതു ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നാൽ അങ്ങനെയല്ലെന്നായിരുന്നു ഞാൻ മറുപടി പറഞ്ഞത്. എനിക്ക് 35 വയസാകുമ്പോൾ ഇതിനെക്കുറിച്ചു സംസാരിക്കുന്നതു നോക്കാം എന്നായിരുന്നു സച്ചിന്റെ അപ്പോഴുള്ള പ്രതികരണം. ഇപ്പോൾ എനിക്ക് 35 വയസാണ്. അന്ന് സച്ചിൻ പറഞ്ഞതു ശരിയായിരുന്നു.- ഉത്തപ്പ പറഞ്ഞു.

ഒരു സ്‌പോർട്‌സ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉത്തപ്പ.പരമ്പരയിൽ സച്ചിന്റെ രണ്ട് സുപ്രധാന ഇന്നിങ്‌സുകളാണ് ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.ഉത്തപ്പയും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.