ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കോൺസൺട്രേറ്റുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന 28 ശതമാനം നികുതിയ്ക്ക് പുറമേ വീണ്ടും 12 ശതമാനം വാറ്റ് ഏർപ്പെടുത്തിയ തീരുമാനത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. സർക്കാർ ചെയ്തത് ഭരണഘടനാ വിരുദ്ധമാണ്. അമേരിക്കയിൽ ജോർജ് ഫ്ളോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയതുപോലെയാണ് രാജ്യത്തെ സാഹചര്യമെന്ന് കോടതി പരാമർശിച്ചു.
രാജ്യത്തെ പൗരന്മാരെല്ലാം ശ്വസിക്കാൻ സാധിക്കാതെ ജോർജ് ഫ്ളോയിഡിന്റെ സാഹചര്യത്തെ നേരിടുകയാണെന്നും യുദ്ധം, ക്ഷാമം, മഹാമാപി, വെളളപ്പൊക്കം ഇവയെല്ലാം വരുമ്പോൾ സർക്കാർ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ബന്ധു അയച്ചുകൊടുത്ത ഓക്സിജൻ കോൺസൻട്രേറ്റിന് വീണ്ടും 12 ശതമാനം ജിഎസ്ടി ചുമത്തിയതിനെതിരെ ഒരു മുതിർന്ന പൗരനാണ് കോടതിയെ സമീപിച്ചത്.
നികുതിയ്ക്ക് മേൽ നികുതി ചുമത്തുന്നത് ഭരണഘടന ആർട്ടിക്കിൾ 21 പ്രകാരം പൗരന്റെ ജീവിക്കാനുളള അവകാശത്തെ നിഷേധിക്കലാണ് സർക്കാർ ചെയ്യുന്നതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് തൽവാന്ത്, ജസ്റ്റിസ് രാജീവ് ഷാക്ക്ദേർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ജിഎസ്ടി 12 ശതമാനം ചുമത്തിയത് സർക്കാർ റദ്ദാക്കി.
എന്നാൽ ഹർജിക്കാരന്റെ വാദത്തെ ധനമന്ത്രാലയം എതിർത്തു. ജീവിക്കാനുളള അവകാശപ്രകാരം ഇത് അനുവദിച്ചാൽ സ്വത്തിനെ നികുതിയിൽ നിന്ന് ഒഴിവാക്കാൻ ചിലർ ശ്രമിക്കുമെന്നും ഇത് ഗുരുതര പ്രത്യാഖ്യാതം ഉണ്ടാക്കുമെന്നാണ് മന്ത്രാലയത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. മാത്രമല്ല ഇത്തരത്തിൽ നികുതി ചുമത്തിയാൽ മാത്രമേ ഇവയുടെ ദുരുപയോഗം തടയാനാകൂ എന്ന വാദമാണ് കേന്ദ്ര ധനമന്ത്രാലയത്തിന്. അതേസമയം ഇറക്കുമതി ചെയ്ത ഓക്സിജൻ കോൺസൻട്രേറ്റുകൾ വ്യാവസായിക ഉപയോഗത്തിന് എടുക്കരുതെന്ന് ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടു.