satheesan

തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ അംഗീകരിച്ച കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും സതീശനെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല പ്രസ്‌താവനയിലൂടെ അറിയിച്ചു.

'കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ വി.ഡി സതീശനെ തിരഞ്ഞെടുത്തു. വി.ഡി സതീശനെ അഭിനന്ദിക്കുന്നു.' ചെന്നിത്തല പ്രസ്‌താവനയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കാൻ തന്നെ വിളിച്ച വി.ഡി സതീശനെ അഭിനന്ദിക്കുകയും തിങ്കളാഴ്‌ച സഭയിൽ കാണാമെന്ന് ചെന്നിത്തല അറിയിക്കുകയും ചെയ്‌തു. കോൺഗ്രസിലെയും യു.ഡി.എഫിലെയും മിക്ക നേതാക്കളും തീരുമാനം സ്വാഗതം ചെയ്‌തു.

ഗ്രൂപ്പ് താൽപര്യങ്ങൾക്ക് അതീതമായി പാർട്ടി താൽപര്യങ്ങൾക്ക് മുൻതൂക്കം ലഭിച്ചെന്ന യാഥാ‌ർത്ഥ്യം ഉൾക്കൊണ്ട് ഗുണപരമായ സമൂലമാ‌റ്റത്തിന് വി.ഡി സതീശനെ തിരഞ്ഞെടുത്തതിലൂടെ തുടക്കമാകട്ടെയെന്ന് വി.എം സുധീരൻ ആശംസിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രനും, കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ഷാഫി പറമ്പിൽ, പി.ജെ കുര്യൻ, കെ.മുരളീധരൻ എന്നിങ്ങനെ കോൺഗ്രസ് നേതാക്കളും പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് മുതലായവരെല്ലാം തീരുമാനത്തെ സ്വാഗതം ചെയ്‌തു.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണമെന്നതിന് ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാർജുന ഖാർഗെ, വി.വൈദ്യലിംഗവും കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. രാഹുൽഗാന്ധിയുടെ താൽപര്യവും പുതിയ മുഖം വരണമെന്നായിരുന്നു. പാർട്ടിയിലെ യുവ നേതാക്കളും എംഎൽഎമാരും സതീശന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്‌തിരുന്നു.