joe-biden

ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള‌ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ രണ്ട് ഭരണപ്രദേശങ്ങൾ എന്ന നയമാണ് ഉത്തരമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മാത്രമല്ല ആക്രമണത്തിൽ തക‌ർന്ന ഗാസ പുനർനിർമ്മിക്കാൻ സഹായിക്കുന്നതിന് മ‌റ്റ് രാജ്യങ്ങളുമായി ചേർന്ന് ഒരു പ്രധാന പദ്ധതിക്ക് ശ്രമിക്കുമെന്നും വൈ‌റ്റ്ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു. താനും തന്റെ ഡെമോക്രാ‌റ്റിക് പാർട്ടിയും ഇപ്പോഴും ഇസ്രയേലിനൊപ്പമാണെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.

ഇരുവിഭാഗങ്ങളും തമ്മിൽ വെടിനിർത്തലിന് വേണ്ടി സജീവമായി ബൈഡൻ ഭരണകൂടം മദ്ധ്യസ്ഥം വഹിച്ചിരുന്നു. ഹമാസും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ തുടരണമെന്നാണ് തന്റെ പ്രാർത്ഥനയെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.

പാലസ്‌തീൻ അധികൃതരുമായി ചേർന്ന് പ്രദേശത്തുള‌ളവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കാനും ഹമാസ് വീണ്ടും ആയുധ സംഭരണം നടത്തുന്നില്ലെന്ന് ഇവരുമായി ചേർന്ന് ഉറപ്പാക്കാനും ബൈഡൻ ഭരണകൂടം ആലോചിക്കുന്നുണ്ട്.

പതിനൊന്ന് ദിവസങ്ങളായി തുടർന്ന പോരാട്ടം ഹമാസും ഇസ്രയേലും അവസാനിപ്പിച്ചത് വെള‌ളിയാഴ്‌ചയാണ്. 248 പേർ മരണമടയുകയും 1900 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്നാണ് ഔദ്യോഗിക കണക്ക്. ഗാസയിലുണ്ടായ നാശനഷ്‌ടങ്ങൾ പരിഹരിക്കാൻ വർഷങ്ങൾതന്നെ എടുക്കുമെന്നാണ് വിലയിരുത്തൽ.

ഇരുവിഭാഗത്തിലെയും തീവ്ര അഭിപ്രായക്കാരായ നേതാക്കളോട് പോരാട്ടം അവസാനിപ്പിക്കാനും ഗാസയിലെ ജനങ്ങളെ സഹായിക്കുകയും വെസ്‌റ്റ് ബാങ്കിലെ പാലസ്‌തീൻകാരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു.

അറബികളോടും ജൂതരോടും ഒരുപോലെ തുല്യതയോടെ പെരുമാറണമെന്നും ബൈഡൻ ഇസ്രയേൽ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇസ്രയേലിലെ ജനങ്ങളുടെ അവകാശത്തെ പാലസ്‌തീനും മാനിക്കണമെന്ന് ബൈഡൻ പറഞ്ഞു. വെടി നിർത്തൽ പ്രഖ്യാപിച്ച ഇസ്രയേൽ വാക്ക് പാലിച്ചതുപോലെ ഇനിയും തുടരുമെന്ന് പ്രതീക്ഷ പങ്കുവച്ച ബൈഡൻ താനുമായി നടത്തിയ ചർച്ചയിൽ ഇസ്രയേൽ പ്രധാനമന്ത്രി ‌‌‌ബെഞ്ചമിൻ നെതന്യാഹു കൈക്കൊണ്ട വാക്ക് പാലിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ചു.