മാവേലിക്കര: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്തതിനെ വലിയ ആവേശത്തോടെയാണ് മിക്ക നേതാക്കളും കോൺഗ്രസ് പ്രവർത്തകരും പ്രതികരിച്ചത്. ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്‌തമായി ആശംസയറിയിച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷ്.
ഡിവൈഎഫ്‌ഐ പ്രവർത്തകർ വി.ഡി സതീശന്റെ ഫ്ളക്‌സ് തകർക്കുന്ന ഒരു ചിത്രമാണ് ഫേസ്‌ബുക്കിലൂടെ കൊടിക്കുന്നിൽ പങ്കുവച്ചിരിക്കുന്നത്. പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തിയ പ്രിയ സുഹൃത്തിന്, ജനനായകന് അഭിനന്ദനങ്ങൾ എന്ന കുറിപ്പും ചിത്രത്തിനുണ്ട്. കുറിപ്പിന്റെ ഒടുവിൽ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകർ വി.ഡി സതീശന്റെ ഫ്ളക്‌സിനോട് അതിക്രമം കാട്ടുന്ന ചിത്രമാണിതെന്നും അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടുമെന്നും കൊടിക്കുന്നിൽ കുറിച്ചിരിക്കുന്നു.
തലമുറ മാറ്റം എന്ന രാഹുൽഗാന്ധിയുടെയും ഒപ്പം എഐസിസി സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും നിലപാടും യുവ എംഎൽഎമാരുടെ ആവശ്യവുമാണ് വി.ഡി സതീശന് സ്ഥാനത്തെത്താൻ സഹായകമായത്.
കൊടിക്കുന്നിലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:
DYFI, SFI ഗുണ്ടകൾ മുമ്പ് വിഡി സതീശന്റെ ഫ്ളക്സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും.ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളർച്ചയില്ലാതെ നമ്മൾ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും..
സംഘടിതമായി, സുശക്തമായി ഓരോ യുഡിഎഫ് പ്രവർത്തകനും ഒപ്പമുണ്ടാകും..
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന്..
ഈ ജനതയുടെ നായകന്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങൾ...
വരാനിരിക്കുന്ന സമരവസന്തങ്ങൾക്ക് അഭിവാദ്യങ്ങൾ.
DYFI, SFI ഗുണ്ടകൾ മുമ്പ് വിഡി സതീശന്റെ ഫ്ളക്സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും.