gfggg

കൊല്ലം: ഭാര്യയുടെ പക്കൽ കണ്ട പുതിയ മൊബൈൽ ഫോൺ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല, വാക്കുതർക്കത്തിനിടെ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ ചിതറ ഉണ്ണിമുക്ക് തടത്തരികത്ത് പുത്തൻ വീട്ടിൽ ബീനയ്ക്കാണ് (40) വെട്ടേറ്റത്. കഴിഞ്ഞ19ന് രാത്രി പത്തരയോടെ വീട്ടിൽ വച്ചാണ് സംഭവം.

ബീന കടയ്ക്കലിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ്. ലോഡിംഗ് തൊഴിലാളിയും ലോട്ടറി വിൽപ്പനക്കാരനുമാണ് ഭർത്താവ് സലിം. കഴിഞ്ഞ ദിവസം കടയിൽപോയി വന്ന ബീനയുടെ പക്കൽ പുതിയ മൊബൈൽ ഫോണിരിക്കുന്നത് സലീമിന്റെ ശ്രദ്ധയിൽപെട്ടു. ഫോൺ എവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ തയ്യാറാകാതിരുന്ന ബീന സലിം ആവശ്യപ്പെട്ടപ്പോൾ ഫോൺ നൽകാനും കൂട്ടാക്കിയില്ല. ഇതേചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

വാക്കേറ്റത്തിനിടെ ബലം പ്രയോഗിച്ച് ഫോൺ കൈവശപ്പെടുത്താൻ സലിം ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാൻ ബീന കൂട്ടാക്കിയില്ല. തുട‌ർന്നാണ് സലീം ബീനയെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ബീനയുടെ ഇടത്പാദം അറ്റുതൂങ്ങി. വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റുപോയി. മുതുകിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

വീട്ടിലുണ്ടായിരുന്ന മക്കൾ ചിതറ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ക്രൈം എസ്.ഐ രാജേഷും സംഘവും സ്ഥലത്തെത്തിയാണ് രക്തത്തിൽ കുളിച്ചുകിടന്ന ബീനയെ ആംബുലൻസിൽ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തി പാദവും കൈവിരലുകളും തുന്നിച്ചേർത്തു. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബീന അപകട നില തരണം ചെയ്തിട്ടില്ലെന്ന് ചിതറ പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സലിമിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.