തൃശൂർ :കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി നേതാക്കളിലേക്ക്. മേഖലാ സെക്രട്ടറി ജി. കാശിനാഥൻ, ജില്ലാ ട്രഷറർ സുജയ് സേനൻ, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി എന്നിവരെയാണ് തൃശ്ശൂരിൽ ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ ഇവർക്ക് പങ്കുണ്ടോ എന്നതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
കവർച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. പണം സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നതാണെന്നും പൊലീസ് കണ്ടെത്തി. മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് കോഴിക്കോട് സ്വദേശി ധർമ്മരാജനും സുനിൽ നായിക്കും പൊലീസിനോട് സമ്മതിച്ചു. എന്നാൽ 25 ലക്ഷം രൂപ മാത്രമേ നഷ്ടപ്പെട്ടിരുന്നുള്ളുവെന്നാണ് പൊലീസിൽ പരാതി നൽകിയത്.
പുതിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ബി.ജെ.പി പ്രവർത്തകരായ ധർമ്മരാജനും സുനിൽ നായിക്കും വണ്ടിയിൽ മൂന്നരക്കോടിയുണ്ടായിരുന്നെന്ന് സമ്മതിച്ചു. എവിടേക്കാണ് പണം കൊടുത്തയച്ചതെന്ന കൃത്യമായ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്