
ആര്യനാട്: ലോക്ക്ഡൗണിൽ വ്യാജചാരായം നിർമ്മിച്ച ആര്യനാട് കൊക്കോട്ടേല ചെറിയാനക്കോട് കൊച്ചുകുട്ടൻ എന്ന ഗിരീശൻ(35) കൊക്കോട്ടേല തൊണ്ടൻകുളം ശ്രീവൽസത്തിൽ ഷിബു(42) എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലോക്ക്ഡൗണിൽ മദ്യലഭ്യത കുറഞ്ഞതോടെ ഗിരീശന്റെ വീട്ടിനടുത്തുള്ള പാറക്കൂട്ടത്തിനിടയിലെ രഹസ്യ സങ്കേതത്തിൽ വ്യാജചാരായ നിർമ്മാണം നടത്തുകയായിരുന്നു ഇവർ. ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഗിരീശനെ സംഭവസ്ഥലത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഷിബു ഓടി രക്ഷപ്പെട്ടു. സ്ഥിരമായി വ്യാജവാറ്റ് നടത്തുന്ന സംഘം ഒരു കുപ്പി മദ്യത്തിന് 2000 രൂപവരെ ഈടാക്കിയാണ് വിൽപ്പന നടത്തിയതെന്ന് ആര്യനാട് പൊലീസ് പറയുന്നു. പാറക്കെട്ടിനിടയിൽ കന്നാസിലും കറുത്ത പ്ലാസ്റ്റിക്ക് അറകളിലും സൂക്ഷിച്ച 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. സബ് ഇൻസ്പെക്ടർ ബി.രമേശൻ, എ.എസ്.ഐ വിധുകുമാർ, സി.പി.ഒമാരായ മുഹമ്മദ് റെജു, മനോജ്, വിനുകുമാർ, അജിത്ത്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്