വർക്കല: പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പണവും സ്വർണവും കവർന്ന കേസിലെ പ്രതിയെ അയിരൂർ പൊലീസ് അറസ്റ്റുചെയ്തു. വർക്കല താഴെ വെട്ടൂർ സ്വദേശി മുഹമ്മദ് ഫൈസിയാണ് (22) പിടിയിലായത്. സ്വർണമാലയും കമ്മലും തട്ടിയെടുത്തതിനുപുറമേ പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപ ഭീഷണിപ്പെടുത്തി മുഹമ്മദ് ഫൈസി തന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി.
പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. വർക്കലയിലും സമീപ പ്രദേശത്തും നിരവധി പെൺകുട്ടികളെ വശീകരിച്ച ശേഷം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോ ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ പണവും സ്വർണവും തട്ടിയെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പെൺകുട്ടികളുമായി ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ ബന്ധം സ്ഥാപിക്കുന്നത്. അയിരൂർ സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.