തിരുവനന്തപുരം: റിട്ടയർ ചെയ്യാൻ അഞ്ചുവർഷമെങ്കിലുമുള്ളവരെ മാത്രമേ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് ആയി നിയമിക്കേണ്ടതുള്ളൂവെന്ന് സി പി എം തീരുമാനിച്ചെങ്കിലും സി പി ഐയോ മറ്റ് ഘടകകക്ഷികളോ ഇതിനോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചില്ല. സാധാരണ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പകുതി പേർ സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വരുന്നവരും പകുതിപേർ രാഷ്ട്രീയ പ്രവർത്തകരും ആയിരിക്കും. പലപ്പോഴും സർവീസിൽ വിരമിക്കാൻ ആറു മാസം പ്രായമുള്ളവരെ പോലും മന്ത്രിമാരുടെ സ്റ്റാഫായി എടുക്കും.
സംസ്ഥാനത്ത് ഇപ്പോൾ പെൻഷൻ പ്രായം 56 വയസാണ്. ഇവർ ആറുമാസത്തിനുള്ളിൽ റിട്ടയർ ചെയ്താലും ഉയർന്ന ശമ്പളത്തിൽ തുടരാം. ഉദാഹരണത്തിന് ആറുമാസം മാത്രം സർവീസ് ബാക്കിയുള്ള ഒരു സ്പെഷ്യൽ സെക്രട്ടറിയെ മന്ത്രിയുടെ സ്റ്റാഫ് ആയി നിയമിച്ചാൽ ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷം രൂപ ശമ്പളം കൊടുക്കണമെന്ന് മാത്രമല്ല ആറുമാസം കഴിഞ്ഞ് ഇയാൾ പെൻഷനായാൽ പെൻഷൻ തുക ഒഴികെയുള്ള ശമ്പളവും നൽകേണ്ടി വരും.
അതേസമയം, അഞ്ച് വർഷമെങ്കിലും സർവീസുള്ളവരെ നിയമിച്ചാൽ സർക്കാരിന് അധിക ശമ്പളം കൊടുക്കേണ്ടിവരില്ല. മൂന്നുലക്ഷം കോടി രൂപയോളം കടബാദ്ധ്യതയുള്ള സംസ്ഥാന സർക്കാർ ചെലവ് ചുരുക്കലിന് പ്രാധാന്യം നൽകുമ്പോൾ റിട്ടയർ ചെയ്യാൻ പോകുന്നവരെ സർക്കാർ ജീവനക്കാരുടെ ക്വാട്ടയിൽ മന്ത്രിമാരുടെ സ്റ്റാഫ് ആക്കുന്നത് ഒട്ടും നീതീകരിക്കാൻ കഴിയാത്തതാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതുകൊണ്ടാണ് അഞ്ചുവർഷം സർവീസ് ബാക്കിയില്ലാത്തവരെ പേഴ്‌സണൽ സ്റ്റാഫിലെടുക്കേണ്ടെന്ന് സി പി എം തീരുമാനിച്ചത്.
മുഖ്യമന്ത്രി വളരെ പോസിറ്റീവ് ആയി ഇത്തരമൊരു നിലപാട് സ്വീകരിച്ചപ്പോൾ ഘടകകക്ഷികൾ അനുകൂലമായി പ്രതികരിക്കാത്തതിൽ സി പി എമ്മിന് അതൃപ്‌തി ഉണ്ടെന്നാണ് സൂചന. അതേസമയം, സർക്കാർ ജീവനക്കാർ അല്ലാത്തവരെ സ്റ്റാഫ് ആയി എടുക്കുമ്പോൾ രണ്ടര വർഷം കഴിഞ്ഞവരെ ഒഴിവാക്കി അടുത്ത ബാച്ചിന് നിയമനം നൽകുന്ന പതിവ് നിർത്തുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇതോടെ രണ്ടു കൂട്ടർക്കും സർക്കാർ പെൻഷൻ കിട്ടും. ഇതും ഒരു അധികച്ചെലവാണെങ്കിലും ഇത് നിറുത്തലാക്കാൻ ഒരു പാർട്ടിയും ഇതുവരെ പരസ്യമായ തീരുമാനമെടുത്തിട്ടില്ല.