cyclone-yaas

ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റ് കടന്നുപോയതിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റായ യാസ് കിഴക്കന്‍ തീരത്തോട് അടുക്കുന്നു. മേയ് ഇരുപത്തിയാറോടെ യാസ് കരതൊട്ടേക്കും. ഇതോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ അധികൃതരോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

ഇന്നു രാവിലെ 8.30ഓടെ മദ്ധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. മേയ് ഇരുപത്തിമൂന്നിന് രാവിലെയോടെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമാകാനാണ് സാദ്ധ്യത. ഇത് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മേയ് ഇരുപത്തിനാലോടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാനാണ് സാദ്ധ്യത.

യാസ് മേയ് ഇരുപത്തിയാറിന് രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ എത്തിച്ചേരും. അന്ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡീഷയുടെ വടക്കന്‍ തീരത്തിനുമിടയില്‍ കരയില്‍ പ്രവേശിക്കാനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാൽ കേരളത്തില്‍ മേയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മേയ് 22 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.