വാഷിംഗ്ടൺ: ഇസ്രയേലിന്റെ നിലനിൽപ്പിനെ അംഗീകരിക്കുന്നത് വരെ മേഖലയിൽ സമാധാനമുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേൽ - പാലസ്തീൻ വെടിനിറുത്തിയതിന് പിന്നാലെയാണിത്. അതേസമയം, ഗാസ മുനമ്പിൽ വീടുകൾ പുനർനിർമ്മിക്കുന്നതിനടക്കമുള്ളവയ്ക്ക് സാമ്പത്തിക സഹായം നൽകുമെന്നും ബൈഡൻ വ്യക്തമാക്കി. ഇരു മേഖലകളിലെയും സംഘർഷം അവസാനിപ്പിക്കാൻ ദ്വി രാഷ്ട്ര പരിഹാരത്തെക്കുറിച്ചും ബൈഡൻ ആവർത്തിച്ചു. കൂടാതെ, അമേരിക്കയ്ക്ക് ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിബദ്ധതയിൽ ഒരംശം പോലും കുറവ് വന്നിട്ടില്ലെന്നും ബൈഡൻ പറഞ്ഞു. വെടിനിറുത്തല്‍ കരാറിന്റെ ഭാഗമായുള്ള സഹായങ്ങൾ പാലസ്തീന് നൽകണമെന്നും ബൈഡൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.അതേസമയം, ഹമാസിനെ അംഗീകരിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. ഹമാസിന് വീണ്ടും ആയുധങ്ങൾ നിർമ്മിക്കാനുള്ള അവസരം നല്‍കില്ലെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.